സംസ്ഥാനത്ത് വ്യാപക മഴക്കെടുതി; നാല് മരണം, മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശത്ത് നോ ഗോ സോണ്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിും മഴയും തുടരുന്നു. കനത്ത നാശനഷ്ടമാണ് പരക്കെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ഇന്നലെ മഴക്കെടുതിയില്‍ കണ്ണൂര്‍, ഇടുക്കി ജില്ലകളിലായി നാല്‌പേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ വീട്ടിലേക്ക് മരം പതിച്ച് വയോധികന്‍ മരിച്ചു. ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി. ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിയായ സ്ത്രീയും, മൂന്നാറിലുണ്ടായ മണ്ണിടിച്ചിലില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാളും മരിച്ചു. ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര പൂര്‍ണമായി നിരോധിച്ചു.

എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാല്‍ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. ആലുവ പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ പെയ്യുന്ന കനത്ത മഴയ്ക്ക് പുറമേ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടി തുറന്നതോടെയാണ് ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

അതേസമയം, വയനാട്ടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ 9 പഞ്ചായത്തുകളില്‍ റിസോര്‍ട്ടുകള്‍ ഹോംസ്റ്റേകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശത്ത് നോ ഗോ സോണ്‍ പ്രഖ്യാപിക്കുകയും മേഖലയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

പാലക്കാട് നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. നെന്മാറ പോത്തുണ്ടിയില്‍ പുഴ കരകവിഞ്ഞൊഴുകി. പേഴുംപാറ-ചാത്തമംഗലം റോഡില്‍ വെള്ളം കയറി. റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി. ആലപ്പുഴ ആറാട്ടുപുഴയില്‍ കടലാക്രമണം രൂക്ഷമാണ്. ഒരു വീട് തകരുകയും 30 ഓളം വീടുകള്‍ കടലാക്രമണ ഭീഷണിയിലുമാണ്.

More Stories from this section

family-dental
witywide