വോട്ടർമാർക്ക് നന്ദി പറഞ്ഞ് തോറ്റ സിപിഎം സ്ഥാനാർഥിയുടെ ഭാര്യ; പിന്നാലെ വിശദീകരണ പോസ്റ്റ്

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ മാന്നാർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ സിപിഎം സ്ഥാനാർഥി സജികുമാർ പരടയിലിനെ തോൽപ്പിച്ചതിൽ നന്ദി പറഞ്ഞ് ഭാര്യ സിന്ധു പരടയിൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മാന്നാർ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ് നിവാസികൾക്ക് നന്ദി !’ എന്നിങ്ങനെ വോട്ടർമാർക്ക് നന്ദി പറഞ്ഞത്. സിപിഎം സ്ഥാനാർത്ഥിയായ സജികുമാറിനെ ബിജെപി സ്ഥാനാർഥി കലാധരനാണ് തോൽപ്പിച്ചത്.

പോസ്റ്റ് ചർച്ചയായതോടെ എന്തിനാണ് താൻ നന്ദി പറഞ്ഞത് എന്ന് വിശദീകരിച്ച് സിന്ധു വീണ്ടും പോസ്റ്റിട്ടു. ഔദ്യോഗിക സ്ഥാനത്തുള്ള ഒരാൾക്ക് പറ്റിയതല്ല വാർഡ് മെമ്പറുടെ പണി എന്നാണ് അവർ വിശദീകരണ പോസ്റ്റിൽ പറയുന്നത്. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ആൾക്ക് മാത്രമേ വാർഡ് മെമ്പറാകാൻ കഴിയൂ. സജികുമാർ പിഎസ്‌സി പരീക്ഷയെഴുതി അഭിമുഖം കഴിഞ്ഞ് കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്കിൻ്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വർഷമായി ജോലി ചെയ്യുകയാണെന്നും ഭാര്യയുടെ വിശദീകരണ പോസ്റ്റിൽ പറയുന്നു.

അഞ്ച് വർഷത്തിനുള്ളിൽ തങ്ങൾ രണ്ടുപേരും വിരമിക്കും. പെൻഷൻ പറ്റിക്കഴിഞ്ഞാൽ വിദേശത്തേക്ക് പറക്കാനാണ് തൻ്റെ ഉറച്ച തീരുമാനം. തിരഞ്ഞെടുപ്പിൽ നിൽക്കരുതെന്ന് എത്ര നിർബന്ധിച്ചിട്ടും ‘പാർട്ടിയുടെ തീരുമാനം’ എന്നുപറഞ്ഞ് മനസില്ലാ മനസോടെ നിൽക്കുകയായിരുന്നു. ഒരു പരിശ്രമവും കൂടാതെ എനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് താൻ നന്ദി പറഞ്ഞതെന്നും സിന്ധു കൂട്ടിച്ചേർത്തു.

സിന്ധുവിൻ്റെ ഫെയ്സ്ബുബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

തോറ്റ സ്ഥാനാർത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടു എന്ന് പലരും വിളിച്ചു ചോദിക്കുന്നു. ചോദിക്കാത്തവർക്കും ഇതേ സംശയം ഉണ്ട് ചോദിച്ചില്ലെന്നു മാത്രം. അതുകൊണ്ട് മറുപടി പറയാം.
വാർഡ് മെമ്പറുടെ പണി ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് പറ്റിയതല്ല. കൃത്യമായ സമയവ്യവസ്ഥയില്ലാത്തപ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത ഒരാൾക്കുമാത്രമേ ഒരു വാർഡ് മെമ്പറായി തലങ്ങും വിലങ്ങും ഓടി നടക്കാൻ കഴിയൂ. സജികുമാർ PSC ടെസ്റ്റ് എഴുതി ഇന്റർവ്യൂവും കടന്ന് (ഒരു പാർട്ടിയുടേയും പിന്തുണയോടെയല്ല ) കുട്ടമ്പേരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വർഷമായി സേവനമനുഷ്ഠിക്കുന്നു. ചെങ്ങന്നൂർ താലൂക്കിലെ മികച്ച ബാങ്കിനുംമികച്ച സെക്രട്ടറി ക്കുമുള്ള അവാർഡ് കഴിഞ്ഞ 7 വർഷങ്ങളിൽ നേടിക്കഴിഞ്ഞു. ക്ലാസ്സ് 1 ബാങ്കായി ഇന്ന് ആ ബാങ്കിനെ മാറ്റിയെടുത്തത് അക്ഷീണമായ പ്രയത്നവും സംഘാടന മികവും കൊണ്ട് മാത്രമാണ്. അതാണ് ഒരു മെമ്പറായി മാറി തകർക്കാൻ ശ്രമിച്ചത്. മാത്രമല്ല ഞങ്ങൾ രണ്ടാളും 5 വർഷത്തിനുളളിൽ സർവ്വീസിൽ നിന്ന് വിരമിക്കും. ഞാനായിരിക്കും മുമ്പേ വിരമിക്കുക. അദ്ദേഹത്തേക്കാൾ എനിക്കായതുകൊണ്ടല്ല ബാങ്കുകാരുടെ പെൻഷൻ പ്രായം ഞങ്ങളേക്കാൾ കൂടുതലായതു കൊണ്ടാണ്. പെൻഷൻ പറ്റിക്കഴിഞ്ഞാൽ അപ്പോൾ തന്നെ വിദേശത്തേക്ക് പറക്കാനാണ് എന്റെ ഉറച്ച തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നിൽക്കാനുദേശിക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. (ഇലക്ഷനു നിൽക്കരുതെന്ന് എത്ര നിർബന്ധിച്ചിട്ടും പാർട്ടിയുടെ തീരുമാനം എന്ന് പറഞ്ഞ് മനസ്സിലാ മനസോടെയാണ് നിന്നത് ).എന്തായാലും ഒരു effort ഉം കൂടാതെ എനിക്കാ സൗകര്യം ഒപ്പിച്ചു തന്നതിനാണ് ഞാൻ നന്ദി പറഞ്ഞത്.❤️

Wife of defeated CPM candidate thanks voters in Alappuzha

More Stories from this section

family-dental
witywide