‘വോട്ടിനായി എന്തും ചെയ്യും മോദി, യമുനയിലെ കുളിക്കാനുള്ള ശ്രമം വോട്ട് തട്ടാൻ’, വിമർശനവുമായി രാഹുൽ; വോട്ട് ചെയ്തവരെ അപമാനിക്കലെന്ന് ബിജെപിയുടെ തിരിച്ചടി

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടിനു വേണ്ടി നാടകം കളിക്കുമെന്നും സ്റ്റേജിൽ ഡാൻസ് ചെയ്യുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. യമുനയിൽ മോദിക്ക് കുളിക്കടവ് ഉണ്ടാക്കിയതിനെയും രാഹുൽ പരിഹസിച്ചു. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന മോദി വോട്ട് തട്ടാനാണ് യമുനയിൽ ഇറങ്ങാൻ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു. മഹാസഖ്യം അധികാരത്തിലെത്തിയാൽ നളന്ദയെ അമേരിക്കൻ സർവകലാശാലകളുടെ നിലവാരത്തിലെത്തിക്കുമെന്നും അദ്ദേഹം മുസാഫർപുരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

ബിഹാറിൽ ഭരണം നടത്തുന്നത് നിതീഷ് കുമാറാണെങ്കിലും നിയന്ത്രണം ബിജെപിക്കാണെന്നും രാഹുൽ ആരോപിച്ചു. ബിജെപി നിതീഷിന്റെ മുഖം മാത്രം ഉപയോഗിക്കുന്നുവെന്നും സാമൂഹിക നീതി നടപ്പാക്കാൻ അവർ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ പ്രതികരിച്ചില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ബിജെപി നേതാവ് പ്രദീപ് ഭണ്ടാരി രംഗത്തെത്തി. പ്രധാനമന്ത്രിക്ക് വോട്ട് ചെയ്തവരെ രാഹുൽ അപമാനിച്ചുവെന്നാണ് ഭണ്ടാരിയുടെ ആരോപണം.

അതേസമയം ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ പ്രചാരണമാണ് നടത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് 15 റാലികളിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ബിഹാറിലെത്തി പ്രചാരണത്തിന് നേതൃത്വം നൽകും. നവംബർ 6, 11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുകയും ഫലം 14 ന് പ്രഖ്യാപിക്കുകയും ചെയ്യുക.

More Stories from this section

family-dental
witywide