
തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ല് ഉപയോഗിച്ചുവെന്ന പരാതിയിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ വാടാനപ്പള്ളി സ്വദേശിയും ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എ. മുഹമ്മദ് ഹാഷിമിന് വനംവകുപ്പ് നോട്ടീസ് അയച്ചു. ഈ മാസം 21ന് പട്ടിക്കാട് റേഞ്ച് ഓഫീസിൽ ഹാജരാകാനും, പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും സമർപ്പിക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്നും, ഇത് ഭരണഘടനാ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ, റാപ്പർ വേടൻ (ഹിരൺദാസ്) പുലിപ്പല്ല് മാല ധരിച്ചതിന്റെ പേര്‌വഴിയിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ മാലയുമായി ബന്ധപ്പെട്ട വിവാദവും ഉയർന്നത്. പരാതിക്കാരൻ സമർപ്പിച്ച ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച ശേഷം, മാലയിൽ ഉപയോഗിച്ചത് യഥാർത്ഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്ന് വനംവകുപ്പ് വ്യക്തത വരുത്തും. തൃശൂർ ഡി.എഫ്.ഒയുടെ മേൽനോട്ടത്തിൽ പട്ടിക്കാട് റേഞ്ച് ഓഫീസർ അന്വേഷണം നടത്തുകയാണ്. തെളിവുകൾ ശേഖരിച്ച ശേഷം സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുന്ന കാര്യം വനംവകുപ്പ് തീരുമാനിക്കും.










