
വാഷിംഗ്ടണ്‍: റഷ്യയുമായി യുക്രെയ്ന്‍ ഒരു വെടിനിര്‍ത്തല്‍ കരാറില്‍ എത്തുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയം തോന്നിത്തുടങ്ങിയതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ച തുര്‍ക്കിയില്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി യുക്രെയ്ന്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ട്രംപ് ഇത്തരമൊരു പ്രതികരണം നടത്തുന്നത് എന്നതും ശ്രദ്ധേയം. അതേസമയം, പുടിന്‍ ചര്‍ച്ച നടത്താന്‍ യുക്രെയ്‌നെ നേരിട്ട് ക്ഷണിച്ചപ്പോള് അത് നടത്തണമെന്ന് ട്രംപ് യുക്രെയ്‌നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
‘പുടിനുമായി ഉക്രെയ്ന്‍ ഒരു കരാറില്‍ ഏര്‍പ്പെടുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ യുക്രെയ്നുമായി ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല, പകരം രക്തച്ചൊരിച്ചിലിന് സാധ്യമായ അന്ത്യം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു’ – ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.