
ലീഗ് സിറ്റി (ടെക്‌സാസ്): പ്രവാസി മലയാളി ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ലീഗ് സിറ്റി മലയാളി സമാജത്തിന്റെ (LCMS) പത്താം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ അരങ്ങേറിയ ‘വിൻ്റർ ബെൽസ് 2025’ ജനപങ്കാളിത്തം കൊണ്ട് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമങ്ങളിൽ ഒന്നായി മാറി.

ക്രിക്കറ്റ് ലോകത്തെ വിസ്മയം ശിവ്നരൈൻ ചന്ദർപോൾ മുഖ്യ അതിഥിയായി എത്തിയതായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകർഷണം. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി അദ്ദേഹം സമാജത്തിൻ്റെ പത്താം വാർഷികാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക-നിയമ രംഗത്തെ പ്രമുഖരായ പത്മശ്രീ ഷൈനി വിൽസൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ പ്രമുഖ നിയമവിദഗ്ദ്ധൻ ജോസ എബ്രഹാം എന്നിവരും വിശിഷ്ട അതിഥികളായി വേദി പങ്കിട്ടു.

നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഭക്ഷണമേള ഖ്യാതിയോടെ ഒരുക്കിയ ‘തട്ടുകട തെരുവ്’ ജനസാഗരത്തെ ആകർഷിച്ചു. നൂറിലധികം തനത് കേരളീയ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകിയപ്പോൾ, ടെക്സാസിലെ മലയാളി മണ്ണിൽ കേരളത്തിന്റെ ഗൃഹാതുരത്വം ഉണർന്നു. ഒരു മാസത്തെ കഠിനമായ പ്രയത്നമാണ് ഇത്രയും വിപുലമായ ഒരു ഭക്ഷണത്തെരുവ് ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.

റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവരുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും, ലക്ഷ്മി മെസ്മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ നയിച്ച ‘വിൻ്റർ മെലഡി’ ഗാനനിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. നൂറുകണക്കിന് നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ട് ഒരുക്കിയ ഗ്രൗണ്ട് ഒരു കൊച്ചു കേരളത്തെ അനുസ്മരിപ്പിച്ചു. മഞ്ഞിലൂടെ സ്ലെയിലിൽ (Sleigh) എത്തിയ സാന്താക്ലോസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമായി.


ഷിബു ജോസഫ്, വിനേഷ് വിശ്വനാഥൻ, സോജൻ പോൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ദീപാലങ്കാരങ്ങളും, എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരുടെ കലാസംവിധാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രസിഡന്റ് ബിനീഷ് ജോസഫ്, സെക്രട്ടറി ഡോ. രാജ്കുമാർ മേനോൻ, കോർഡിനേറ്റർ മാത്യു പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഫ്രണ്ട്സ്യുഡ് ഹോസ്പ്‌പിറ്റൽ, സൗത്ത് ഷോർ ER എന്നിവരായിരുന്നു പ്രധാന സ്പോൺസർമാർ.
‘Winter Bells 2025’; 10th anniversary celebrations of League City Malayalee Samajam (LCMS).













