
ജീമോൻ റാന്നി
ടെക്സാസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കമായി.
ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ശിവ്നാരൈൻ ചന്ദ്രപോൾ , ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ച പ്രശസ്ത അത്‌ലറ്റ് ഒളിമ്പിയൻ ഷൈനി വിൽസൺ, കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ കമ്മിറ്റി ഫോർ ലോ ആൻ്റ് പി ഐ എൽ ൻ്റെ സെക്രട്ടറിയും സുപ്രീംകോടതി അഡ്വക്കേറ്റ്- ഓൺ – റിക്കോർഡുമായ (AOR) അഡ്വ. ജോസ് എബ്രഹാം എന്നിവർ വിശിഷ്ടാതിഥികളായെത്തും.
വിന്റർ ബെൽസിനോടനുബന്ധിച്ചു അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറിലധികം കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുക. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയിൽ ഏകദേശം ആയിരത്തോളം ആളുകൾക്കു തത്സമയം നൂറിലധികം കേരള ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കി നൽകാൻ കഴിയുന്ന വിധത്തിലാണ് തട്ടുകടകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരുമാസത്തിലധികം നീണ്ടുനിൽക്കുന്ന സജ്ജീകരണങ്ങളാണ് ഇതിനുമുന്നോടിയായി ആരംഭിച്ചിരിക്കുന്നത്.
പരിപാടിയുടെ മാറ്റ് കൂട്ടാനായി കലാകാരൻമാരായ റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവർ നേതുത്വം നൽകുന്ന ഇൻസ്ട്രമെന്റൽ മ്യൂസിക്കും കൂടാതെ റിയാലിറ്റി ഷോകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മി മെസ്‌മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ അണിനിരക്കുന്ന ഗാന നിശ ‘വിന്റർ മെലഡി’ യും പരിപാടിയെ ആവേശോജ്വലമാക്കും. കൂടാതെ ലീഗ് സിറ്റിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, മറ്റു കലാവിരുന്നുകളും ഇതോടൊപ്പം ഉണ്ടായിരിക്കും.
രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരാണ് മേളയക്ക് നേതൃത്വം നൽകുന്നത്.എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരാണ് ആർട് ഡയറക്ട്ടേഴ്‌സ്.
കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. പ്രദേശം മുഴുവനും അലങ്കാരങ്ങൾകൊണ്ട് നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കോർഡിനേറ്റർ മാത്യു പോൾ പറഞ്ഞു. ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ ഒരു പ്രധാന ആകർഷണമായിരിക്കും.
ഫ്രണ്ട്‌സ്വുഡ് ഹോസ്പിറ്റലും, സൗത്ത് ഷോർ ഇആറുമാണ് വിന്റർ ബെൽസ് 2025 ന്റെ പ്രധാന സ്പോൺസേർസ്.
കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ, ജിജു കുന്നംപള്ളിൽ (എലെക്റ്റഡ് പ്രസിഡന്റ് 26-27) 409-354-2518.
‘Winter Bells 2025’ , beginning of preparations for Christmas and New Year celebrations.















