അമേരിക്കയിൽ ശീതകാല കൊടുങ്കാറ്റ് ശക്തമാകുന്നു; ‘ബോംബ് സൈക്ലോൺ’ ഭീഷണി, ആയിരക്കണക്കിന് വിമാനങ്ങൾ വൈകി

അമേരിക്കയിൽ ശക്തമായ ശീതകാല കൊടുങ്കാറ്റ് അതിശക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും ശക്തമായ കാറ Jo റിപ്പോർട്ട് ചെയ്യപ്പെട്ടു. മോണ്ടാന മുതൽ മെയിൻ വരെയും ടെക്സാസ് മുതൽ പെൻസിൽവേനിയ വരെയുമുള്ള പ്രദേശങ്ങളെ ഈ കലാവസ്ഥ മാറ്റം അതി കഠിനമായി ബാധിക്കുന്നതായി നാഷണൽ വേതർ സർവീസ് അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ മിഡ്‌വെസ്റ്റും വടക്കുകിഴക്കൻ മേഖലയുമടക്കം 3 കോടി ആളുകൾക്ക് ശീതകാല കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് CNN റിപ്പോർട്ട് ചെയ്തു.

അവധി സീസണിലെ ഏറ്റവും തിരക്കേറിയ യാത്രാ ദിവസങ്ങളിൽ ഒന്നായതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന സാഹചര്യമാണിത്. തണുത്ത ആർട്ടിക് വായു ചൂടുള്ള വായുവുമായി കൂട്ടിയിടിക്കുന്നതിനാൽ ഈ കൊടുങ്കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. തിങ്കളാഴ്ചയോടെ മിഡ്‌വെസ്റ്റിലും ഗ്രേറ്റ് ലേക്ക്സ് മേഖലയിലും ഇത് ‘ബോംബ് സൈക്ലോൺ’ ആയി മാറാനിടയുണ്ട്. വളരെ വേഗത്തിൽ വായുമർദ്ദം ഇടിക്കുന്നതാണ് ബോംബ് സൈക്ലോണിന്റെ സവിശേഷത. ഇത് കടുത്ത കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകും.

CNN ൻ്റെ റിപ്പോർട്ട് പ്രകാരം മിഡ്‌വെസ്റ്റിൽ കുറഞ്ഞത് 20 ലക്ഷം പേർക്ക് ബ്ലിസാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 60 മൈൽ വരെ വേഗതയിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നതിനാൽ കാഴ്ച പരിധിയെ ബാധിക്കാമെന്നും മുന്നറിയിപ്പുണ്ട്. ബ്ലിസാർഡ് മുന്നറിയിപ്പുള്ള പല പ്രദേശങ്ങളിലും കാഴ്ച പരിധി കാൽ മൈലിൽ താഴെയായി കുറയുമെന്ന് മുന്നറിയിപ്പുണ്ട്.

ഇത് വാഹനയാത്രയെ അതീവ അപകടകരമാക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് നാഷണൽ വേതർ സർവീസും മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിനുള്ളിൽ കിഴക്കൻ മധ്യ മിന്നസോട്ട മുതൽ വടക്കൻ വിസ്കോൺസിൻ, മിഷിഗണിലെ അപ്പർ പെനിൻസുല വരെ ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. പല സ്ഥലങ്ങളിലും 6 മുതൽ 12 ഇഞ്ച് വരെ മഞ്ഞ് ലഭിക്കുമെന്ന് ഞായറാഴ്ച NWS പ്രവചകൻ NPR-നോട് പറഞ്ഞു.

അതേസമയം, കാലാവസ്ഥ മോശമായത് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് വിമാന സർവീസുകളാണ്. ഞായറാഴ്ച മാത്രം അമേരിക്കയ്ക്കുള്ളിലും പുറത്തേക്കുമായി യാത്ര ചെയ്യുന്ന 8,000-ത്തിലധികം വിമാനങ്ങൾ വൈകി. 700-ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയതായും FlightAware അറിയിച്ചു. ഇല്ലിനോയിസിലെ ഷിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച വൈകിട്ട് ഇടിമിന്നലിനെ തുടർന്ന് ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചു. ഇതോടെ വിമാനങ്ങൾ താൽക്കാലികമായി ലാൻഡിംഗും ടേക്ക് ഓഫും നടത്താൻ അനുവദിച്ചില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ഗതാഗതവും അപകടകരമായി. ഐവായിലെ ഏംസ് മുതൽ മിന്നസോട്ട അതിർത്തി വരെ ഇന്റർസ്റ്റേറ്റ് 35ന്റെ ദീർഘമായ ഭാഗം അടച്ചുപൂട്ടി. മിന്നസോട്ടയിൽ I-35 വഴിയുള്ള യാത്ര ശുപാർശ ചെയ്യുന്നില്ലെന്ന് ഐവാ ഗതാഗത വകുപ്പ് അറിയിച്ചു. മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും തുടർന്നാൽ റോഡിലെ സാഹചര്യം ജീവാപായത്തിലേക്ക് മാറാമെന്നും കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂ ഇംഗ്ലണ്ട് മേഖലയിൽ ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെ മഴയും കനത്ത തണുപ്പും പ്രതീക്ഷിക്കുന്നുണ്ട്. ഇതു റോഡുകളും നടപ്പാതകളും മഞ്ഞുപിടിച്ച് വഴുതലിന് ഇടയാക്കാം. ഒഹായോ വാലിയിലും I-95 പാതയോടനുബന്ധിച്ച പ്രദേശങ്ങളിലും മഞ്ഞിന് പകരം മഴയാണ് കൂടുതലായി പ്രതീക്ഷിക്കുന്നത്. ഏറ്റവും മോശം സാഹചര്യം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ രാത്രിവരെ ഉണ്ടാകുമെന്നാണ് പ്രവചനം. ഈ സമയത്ത് യാത്ര ഒഴിവാക്കണമെന്ന് ഐവായിലെ ഡെ മോയിൻസിലെ നാഷണൽ വേതർ സർവീസ് ഓഫീസ് ശക്തമായി മുന്നറിയിപ്പ് നൽകി.

ശീതകാല കാലാവസ്ഥയ്‌ക്കൊപ്പം മിഡ്‌വെസ്റ്റിലെ ചില ഭാഗങ്ങളിൽ ടോർണാഡോ ഭീഷണിയോടുകൂടിയ ശക്തമായ കൊടുങ്കാറ്റുകളും റിപ്പോർട്ട് ചെയ്തു. ഇല്ലിനോയിസ്, ഇൻഡിയാന, കെന്റക്കി, മിസ്സൂരി സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ ഞായറാഴ്ച രാത്രി 8 മണിവരെ ടോർണാഡോ വാച്ച് പ്രഖ്യാപിച്ചിരുന്നു. കൊടുങ്കാറ്റ് ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെടുത്തി. ശനിയാഴ്ച ഒരു ഘട്ടത്തിൽ മിഷിഗണിൽ മാത്രം 30,000-ത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലായിരുന്നുവെന്ന് poweroutage.us അറിയിച്ചു.

Winter storm strengthens in America; Threat of ‘bomb cyclone’, thousands of flights delayed

More Stories from this section

family-dental
witywide