ഇത് പുതിയ ചരിത്രം, കാന്‍റർബറി ആർച്ച് ബിഷപ്പായി സാറാ മുള്ളലി; 8.5 കോടി ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവാകുന്ന ആദ്യ വനിത

ലണ്ടൻ: സാറാ മുള്ളലി പുതിയ കാന്‍റർബറി ആർച്ച് ബിഷപ്പായി വെള്ളിയാഴ്ച നിയമിതയായി. ലോകമെമ്പാടുമുള്ള 8.5 കോടി ആംഗ്ലിക്കൻ വിശ്വാസികളുടെ ആത്മീയ നേതാവായി ചുമതലയേൽക്കുന്ന ആദ്യ വനിതയാണ് 63 വയസുള്ള മുള്ളലി. 2018-ലാണ് മുള്ളലിയെ ലണ്ടനിലെ ബിഷപ്പായി നിയമിച്ചത്. ഇംഗ്ലണ്ട് സഭയിൽ കാന്‍റർബറി, യോർക്ക് ആർച്ച് ബിഷപ്പുമാർ കഴിഞ്ഞാൽ മൂന്നാമത്തെ ഉയർന്ന പദവിയാണിത്. സഭയിലെ ശുശ്രൂഷകൾക്ക് മുമ്പ്, മുള്ളലി ലണ്ടനിലെ വിവിധ ആശുപത്രികളിൽ നഴ്സായി പ്രവർത്തിച്ചിരുന്നു. പിന്നീട്, ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസറായും നാഷണൽ ഹെൽത്ത് സർവീസിൽ (NHS) ഡയറക്ടർ ഓഫ് പേഷ്യന്‍റ് എക്സ്പീരിയൻസായും അവർ സേവനമനുഷ്ഠിച്ചു.

പത്ത് വർഷം മുമ്പ്, സ്ത്രീകൾക്ക് ബിഷപ്പുമാരായി അഭിഷേകം നൽകാൻ അനുമതി നൽകിയ മുൻ നേതാവ് ജസ്റ്റിൻ വെൽബിയുടെ പരിഷ്കാരങ്ങളാണ് മുള്ളലിക്ക് ആർച്ച് ബിഷപ്പ് പദവിയിലേക്ക് ഉയരാൻ വഴി തുറന്നത്. ബാലപീഡകനായ ജോൺ സ്മിത്തിനെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി 2024 നവംബറിൽ രാജിവെച്ചതോടെയാണ് കാന്റർബറി ആർച്ച് ബിഷപ്പ് പദവി ഒരു വർഷത്തോളമായി ഒഴിഞ്ഞു കിടക്കുന്നത്.

1970-കളിലും 1980-കളിലുമായി ക്രിസ്ത്യൻ ക്യാമ്പുകളിൽ വെച്ച് കണ്ടുമുട്ടിയവരടക്കം നിരവധി കുട്ടികളെ സ്മിത്ത് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണമുയർന്നിരുന്നു. വിഷയം അന്വേഷിച്ച ഒരു റിപ്പോർട്ട് പ്രകാരം, 2013-ഓടെ ഇംഗ്ലണ്ട് സഭയ്ക്ക് “ഏറ്റവും ഉയർന്ന തലത്തിൽ” സ്മിത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ആ വർഷം ആർച്ച് ബിഷപ്പായ വെൽബിയും ഇക്കാര്യം അറിഞ്ഞിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

More Stories from this section

family-dental
witywide