
ഒന്റാറിയോ: കാനഡയില്‍ ഒരു സ്ത്രീയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ യുവാവിനെ തേടി പൊലീസ്. ഒന്റാറിയോയില്‍ ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഒക്ടോബര്‍ 21 ന് ഒന്റാറിയോയിലെ ലിങ്കണിലുള്ള ചാള്‍സ് ഡെയ്ലി പാര്‍ക്കില്‍ 27 കാരിയായ അമന്‍പ്രീത് സൈനി എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇന്ത്യന്‍ യുവാവ് മന്‍പ്രീത് സിങ്ങിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മന്‍പ്രീത് സിങ്ങിനെതിരെ രണ്ടാം ഡിഗ്രി കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്ന് നയാഗ്ര പൊലീസ് ഒക്ടോബര്‍ 25 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അമന്‍പ്രീതിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ യുവാവ് രാജ്യം വിട്ടിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
മന്‍പ്രീത് ഏതു രാജ്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും നിരവധി റിപ്പോര്‍ട്ടുകളില്‍ ഇയാള്‍ ഇന്ത്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിടിവി റിപ്പോര്‍ട്ട് അനുസരിച്ച്, ഇയാളുടെ കുടുംബം പഞ്ചാബില്‍ നിന്നുള്ളവരാണെന്നും ഇയാള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും പറയുന്നു.
Woman’s death in Ontario: Arrest warrant issued for Indian man.















