സ്ത്രീകളും, അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ, ബില്ലിന്‍റെ വിശദാംശങ്ങൾ പുറത്ത്; അവതരണം നാളെ, പ്രതിഷേധം കത്തിക്കാൻ പ്രതിപക്ഷം, സഭക്കുള്ളിൽ തുടരും

ഡൽഹി: പുതുക്കിയ വഖഫ് നിയമ ഭേദഗതി ബിൽ നാളെ പാർലമെന്‍റിൽ അവതരിപ്പിക്കും. സ്ത്രീകളും അമുസ്ലിംങ്ങളുമടക്കം വഖഫ് ബോർഡിൽ അംഗങ്ങളായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പുതുക്കിയ വഖഫ് നിയമ ഭേദഗതി ബിൽ. ഈ ബില്ലിന്‍റെ വിശദാംശങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ബോറ, അഗഖനി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക ബോർഡ്, 5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ, വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് നിർബന്ധമാക്കി തുടങ്ങിയ കാര്യങ്ങളാണ് പുതുക്കിയ ബില്ലിലുള്ളത്. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കും. ഇക്കാര്യത്തിൽ ജില്ല കളക്ടർ എന്ന വ്യവസ്ഥ മാറ്റിയതാണ് ശ്രദ്ധേയം. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും വ്യവസ്ഥയുണ്ട്.

അതേസമയം ബിൽ അവതരണം നാളെയെന്ന് ഉറപ്പായതോടെ ഇന്ത്യാ സഖ്യം ശക്തമായി പ്രതിഷേധിക്കാൻ തീരുമാനിച്ചു. ഇന്ന്
സഭയ്ക്കുള്ളില്‍ തുടർന്നുകൊണ്ട് പ്രതിപക്ഷം ഒന്നടങ്കം നാളെ വഖഫ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭരണപക്ഷം എന്തുപ്രകോപനം ഉണ്ടാക്കിയാലും സഭയ്ക്കുള്ളില്‍ തുടരും. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുകയോ ഇറങ്ങിപ്പോകുകയോ ചെയ്യില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി. ശക്തമായ എതിര്‍വാദം ഉയര്‍ത്തുമെന്നും വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എംപിമാര്‍ക്ക് വിപ്പ് നല്‍കാനും ഇന്ത്യാ സഖ്യയോഗം ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചെന്നും കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ വ്യക്തമാക്കി.

അതിനിടെ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് എം പിമാര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കെ രാധാകൃഷ്ണന്‍ എം പി ഡല്‍ഹിക്ക് മടങ്ങി. ബില്ലിന്‍ മേല്‍ ഇരുസഭകളിലും നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ മതിയെന്നും എം പിമാര്‍ക്ക് സി പി എം നിര്‍ദേശം നല്‍കി. ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ കോണ്‍ഗ്രസ് എം പിമാരോടും ബുധന്‍ മുതല്‍ വെള്ളിവരെയുള്ള മൂന്ന് ദിവസം സഭയില്‍ ഹാജരായിരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. രാജ്യസഭ അംഗങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയോടെയാണ് വിപ്പ് നല്‍കിയത്. ലോക്സഭ അംഗങ്ങള്‍ക്ക് വൈകിട്ടോടെയും വിപ്പ് നല്‍കി.

More Stories from this section

family-dental
witywide