ദില്ലി: അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് വിവാദമായി. വനിതാ മാധ്യമപ്രവർത്തകരും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രസർക്കാരിനെയും വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചു.
വനിതകളെ ക്ഷണിക്കാത്തതിൽ പങ്കില്ലെന്നും വാർത്താസമ്മേളനത്തിന് വിളിക്കേണ്ടവരെ തീരുമാനിച്ചത് അഫ്ഗാൻ അധികൃതർ ആണെന്നും വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി മാധ്യമപ്രവർത്തകരെ കണ്ടത്. വാർത്താ സമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകർക്ക് മാത്രമായിരുന്നു ക്ഷണം.
അതേസമയം, വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയ സംഭവം ഞെട്ടിക്കുന്ന നടപടിയെന്നും പ്രതിഷേധിച്ച് പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോകണമായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ പി ചിദംബരം പ്രതികരിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.














