മുഖ്യമന്ത്രിയുടെ നേറ്റിവിറ്റി കാർഡ് പ്രഖ്യാപനം വിഘടനവാദ രാഷ്ട്രീയം, കേരളത്തിൽ അനുവദിക്കില്ല, നിയമപരമായി നേരിടുമെന്നും രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നേറ്റിവിറ്റി കാർഡ്’ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ചു. ഫോട്ടോ പതിപ്പിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും നിയമപരമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നീക്കം അപകടകരമായ വിഘടനവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും, വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണിതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പരിഷ്കരണത്തെക്കുറിച്ച് തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനല്ലെന്നും അദ്ദേഹം ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാൻ ജനങ്ങളിൽ അനാവശ്യ ഭയം വിതറുകയാണ് മുഖ്യമന്ത്രിയെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്ക പരത്തുന്നത് മുഖ്യമന്ത്രി പദവിക്ക് ചേർന്നതല്ലെന്നും പാലക്കാട് അക്രമത്തെ ബിജെപിയുടെയും ആർഎസ്എസിന്റെയും തലയിൽ കെട്ടിവെക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളം കേന്ദ്ര സാമ്പത്തിക ഉപരോധം നേരിടുന്നുവെന്ന പ്രചാരണം നടത്തി, സംസ്ഥാനം കടമെടുത്ത് മാത്രം മുന്നോട്ടുപോകുന്ന സത്യം മറച്ചുപിടിക്കുകയാണെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ വർഗീയതയും ഭയവും പരത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും പാക്കിസ്ഥാനും മാത്രമാണ് കേൾക്കുന്നതെന്നും കോൺഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടുകളെ ജനങ്ങൾ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണം കാഴ്ചവെക്കാതെ ജനപിന്തുണ തിരിച്ചുപിടിക്കാൻ ശ്രമിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ ഉപദേശിച്ചു.

More Stories from this section

family-dental
witywide