കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി ഡി കെ ശിവകുമാർ. ജഡ്ജിയായാലും, പ്രസിഡന്റായാലും, ഞാനടക്കം മറ്റാരായാലും, എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി. പുറകിൽ നിൽക്കുന്നവർക്ക് കസേരയുടെ വില അറിയില്ല. ആ കസേരയ്ക്ക് എന്ത് വിലയും പ്രാധാന്യവുമാണുള്ളതെന്ന് അവർക്കറിയില്ല. ഒഴിഞ്ഞ കസേര വലിച്ച് അതിലിരിക്കുന്നതിന് പകരം അവർ നിൽക്കുകയാണ്. എല്ലാ മുതിർന്ന നേതാക്കളും ഇരിക്കുമ്പോൾ, അവർ ഇരിക്കാൻ കൂട്ടാക്കാതെ നിൽക്കുന്നു. നിങ്ങൾക്ക് ഒരു കസേരയും കിട്ടില്ല, നിങ്ങൾ പിന്നിലായിപ്പോകുമെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം, ഒഴിഞ്ഞ കസേര എന്ന് ശിവകുമാർ ഉദ്ദേശിച്ചതെന്ന് വ്യക്തമായിട്ടില്ല. കാരണം, താൻ സ്ഥാനമൊഴിയാൻ തയാറല്ലെന്നും നിയമസഭയുടെ ശേഷിക്കുന്ന കാലയളവിലും മുഖ്യമന്ത്രിയായി തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ പക്ഷം അവകാശവാദം ശക്തമായിരിക്കുകയാണ്.
കർണാടകയിൽ സിദ്ധരാമയ്യ 2023 മേയിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായതോടെ ഒരു അധികാര പങ്കുവെക്കൽ കരാറിൽ എത്തിയതായാണ് റിപ്പോർട്ട്. ഈ കരാർ അനുസരിച്ച് രണ്ടര വർഷത്തിനുശേഷം സിദ്ധരാമയ്യ പദവിയൊഴിയുകയും ശിവകുമാർ മുഖ്യമന്ത്രിയാകുകയും ചെയ്യും. ഈ കരാർ അനുസരിച്ചുള്ള വാക്ക് പാലിക്കണമെന്നാണ് ശിവകുമാർ പക്ഷത്തിന്റെ ആവശ്യം. ആ ആവശ്യം തന്നെയാണ് ശിവകുമാർ ഉന്നയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Words are the power of the world; DK Shivakumar responds to the Chief Minister’s post












