
തിരുവനന്തപുരം : ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അഭിമുഖം ചര്‍ച്ചയാകുകയും വിവാദത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂര്‍ എത്തിയത്.
തന്റെ അഭിമുഖം പത്രം വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നും പറഞ്ഞ ശശി തരൂര്‍ പുതിയ പോഡ്കാസ്റ്റ് പരിപാടിക്ക് ശ്രദ്ധ നേടാനും വാര്‍ത്ത സൃഷ്ടിക്കാനും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും ആരോപിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് എക്‌സില്‍ തരൂരിന്റെ വിശദീകരണ കുറിപ്പ് എത്തിയത്.
ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശമില്ല. താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും പോഡ്കാസ്റ്റ് മുഴുവന്‍ പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന് നല്ല നേതൃത്വമില്ലെന്ന് ഞാന്‍ പറഞ്ഞതായി പത്രത്തില്‍ വാര്‍ത്ത വന്നു. ഇതിന് പത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താന്‍ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
ദുഃഖത്തോടെയാണ് കുറിപ്പ് എഴുതുന്നത്. തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെയും അപമാനങ്ങളെയും കുറിച്ച് ആരും ചിന്തിച്ചില്ല. എങ്ങനെ വാര്‍ത്തയുണ്ടാക്കുന്നു എന്നതിന്റെ നല്ല പാഠമാണ് ഇത് എന്നും തരൂര്‍ ചൂണ്ടിക്കാട്ടി.