
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പാകിസ്ഥാന് ആശ്വാസമായി ലോകബാങ്ക് 700 മില്യൺ ഡോളർ ധനസഹായം അംഗീകരിച്ചു. രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് സ്ഥിരത നിലനിർത്താനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്താനും ഉദ്ദേശിച്ച ബഹുവർഷ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് ശനിയാഴ്ച പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നു. ലോകബാങ്കിന്റെ ‘പബ്ലിക് റിസോഴ്സസ് ഫോർ ഇൻക്ലൂസീവ് ഡെവലപ്മെന്റ്’ പദ്ധതിയുടെ കീഴിലാണ് ഈ ഫണ്ടിങ് നടപ്പാക്കുന്നത്. മൊത്തം 1.35 ബില്യൺ ഡോളർ വരെ ലഭ്യമാക്കാനാവുന്ന ഈ വലിയ പദ്ധതിയുടെ പ്രഥമ ഘട്ടമാണിത്.
ഈ തുകയിൽ 600 മില്യൺ ഡോളർ ഫെഡറൽ പദ്ധതികൾക്കും 100 മില്യൺ ഡോളർ സിന്ധ് പ്രവിശ്യയിലെ വികസന പ്രവർത്തനങ്ങൾക്കുമാണ് വകയിരുത്തിയിരിക്കുന്നത്. നേരത്തെ ഓഗസ്റ്റിൽ പഞ്ചാബ് പ്രവിശ്യയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ മെച്ചപ്പെടുത്തലിനായി 47.9 മില്യൺ ഡോളർ ഗ്രാന്റും ലോകബാങ്ക് അനുവദിച്ചിരുന്നു.
പാകിസ്ഥാന്റെ സുസ്ഥിര വികസനത്തിന് ആഭ്യന്തര വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പാകിസ്ഥാനിലെ ലോകബാങ്ക് കൺട്രി ഡയറക്ടർ ബൊലോർമ അമ്ഗബസാർ അഭിപ്രായപ്പെട്ടു. സ്കൂളുകളിലും ക്ലിനിക്കുകളിലും കൃത്യമായ ഫണ്ടിങ് ഉറപ്പാക്കുക, നികുതി സംവിധാനം പരിഷ്കരിക്കുക, സാമൂഹിക-കാലാവസ്ഥാ നിക്ഷേപങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പാകിസ്ഥാന്‍റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിലൂടെ രാജ്യത്തെ സ്ഥാപനങ്ങൾ ശക്തിപ്പെടുത്താനും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകാനും കഴിയുമെന്ന് ലോകബാങ്കിന്റെ ലീഡ് ഇക്കണോമിസ്റ്റ് തോബിയാസ് അക്തർ ഹഖ് പറഞ്ഞു. ശരിയായ ബജറ്റ് ആസൂത്രണവും റവന്യൂ മാനേജ്മെന്റ് പരിഷ്കാരങ്ങളും വഴി രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ഈ നടപടി സഹായകമാകും.















