മുംബൈ: വരുമാന അസമത്വം ഏറ്റവും ഉയർന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ദേശീയ വരുമാനത്തിൻ്റെ 58 ശതമാനവും പത്തുശതമാനം വരുന്ന ആളുകളിലേക്കാണ് പോകുന്നതെന്നും വേൾഡ് ഇൻഇക്വാലിറ്റി റിപ്പോർട്ട്. സമ്പത്തിന്റെ വിതരണത്തിലും ഈ വ്യത്യാസം രൂക്ഷമാണ്. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 65 ശതമാനവും അതിസമ്പന്നരായ പത്തുശതമാനം പേരുടെ കൈവശമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിസമ്പന്നരായ ഒരു ശതമാനം വരുന്നവരുടെ കൈവശമാണ് 40 ശതമാനം സമ്പത്തെന്നും താഴെത്തട്ടിലുള്ള 50 ശതമാനം പേർക്ക് ലഭിക്കുന്നത് വരുമാനത്തിൻ്റെ 15 ശതമാനം വിഹിതംമാത്രമാണെന്നും വേൾഡ് ഇൻഇക്വാലിറ്റി ലാബ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ സമ്പത്ത് ചരിത്രത്തിലെ ഉയർന്ന നിലയിലേക്കെത്തിയിട്ടുണ്ടെങ്കിലും വിതരണം ക്രമമല്ല. ആഗോള അസമത്വം സ്ഫോടനാത്മകമായ നിലയിൽ ഉയരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ ഏറ്റവും മുന്നിലുള്ള പത്തു ശതമാനത്തിൻ്റെ കൈവശമാണ് നാലിൽ മൂന്നുഭാഗം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത്. താഴെതട്ടിലുള്ള 50 ശതമാനം പേർക്ക് രണ്ടുശതമാനം മാത്രമാണ് വിഹിതമെന്നും പറയുന്നു.
രാജ്യത്തെ ശരാശരി ആളോഹരി വാർഷിക വരുമാനം 6.59 ലക്ഷം (6200 യൂറോ) രൂപയാണ്. ശരാശരി ആളോഹരി സമ്പത്ത് 29.65 ലക്ഷം (28,000 യൂറോ) രൂപയും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളരെ താഴ്ന്ന നിലയിലാണ്. 15.7 ശതമാനം മാത്രമാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം. വരുമാനം, സമ്പത്ത്, ലിംഗം എന്നീ വിഭാഗങ്ങളിലുള്ള അസമത്വം രാജ്യത്ത് രൂക്ഷമായി തുടരുകയാണെന്നും സാമ്പത്തിക വിദഗ്‌ധരായ ജയന്തി ഘോഷും ജോസഫ് സ്റ്റിഗ്ളിസും തയ്യാറാക്കിയ ആമുഖ റിപ്പോർട്ടിൽ പറയുന്നു.
2022-ലായിരുന്നു ലോക അസമത്വ റിപ്പോർട്ട് അവസാനമായി പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് 2021 വരെ ഇന്ത്യയുടെ ദേശീയ വരുമാനത്തിൻ്റെ 57 ശതമാനം വരെ ഉയർന്ന വരുമാനമുള്ള പത്തുശതമാനത്തിനാണ് പോയിരുന്നത്. ഇപ്പോഴും സ്ഥിതിയിൽ വലിയ മാറ്റമില്ല.
World Inequality Report: 58% of national income goes to the top 10% of people










