വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന ചർച്ചക്ക് വൈറ്റ് ഹൗസിൽ തുടക്കമായി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനും തമ്മിൽ നടന്ന അലാസ്ക കൂടിക്കാഴ്ചയുടെ തുടർച്ചയായുള്ള ചർച്ചകൾക്കായി യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കി വൈറ്റ് ഹൗസിലെത്തി. ട്രംപുമായുള്ള സെലൻസ്കിയുടെ വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ അതിനിർണായകമാകുമെന്നാണ് വിലയിരുത്തൽ. സെലൻസ്കിക്കൊപ്പം യൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളും വൈറ്റ് ഹൗസിലെത്തിയിട്ടുണ്ട്.
സെലൻസ്കിക്കും പുടിനും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമുള്ളതിനാൽ അത് അവസാനിക്കുമെന്നാണ് ട്രംപ് കൂടിക്കാഴ്ചക്ക് മുന്നേ പ്രതികരിച്ചത്. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും പുരോഗതിയുണ്ടെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ചില നിർണായ തീരുമാനങ്ങൾ ചർച്ചയിൽ ഉണ്ടായേക്കുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാനുള്ള വ്യക്തിപരമായ ശ്രമങ്ങൾക്ക് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞുകൊണ്ടാണ് സെലൻസ്കി വൈറ്റ് ഹൗസിലെത്തിയത്. എല്ലാവർക്കും, പ്രത്യേകിച്ച് വലിയ ദുരിതങ്ങൾ സഹിച്ച യുക്രൈൻ ജനതയ്ക്ക് പ്രയോജനകരമാകുന്ന രീതിയിൽ സംഘർഷം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്.















