ക്രിസ്മസിനെ വരവേറ്റ് ലോകം, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ; മോദി ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തും, കരോൾ ആക്രമണങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

ക്രിസ്മസിനെ ആഘോഷപൂർവ്വം വരവേൽക്കാനൊരുങ്ങി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലും ദേവാലയങ്ങളിലും പാതിര കുർബ്ബാനയ്ക്കും തിരുപ്പിറവി ശുശ്രൂഷകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യാക്കോബായ സഭയുടെ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്റ് മൗണ്ടിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ രാത്രി 11.30 മുതൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

തിരുവനന്തപുരത്തെ പ്രധാന ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾ ഉത്സാഹത്തോടെ നടക്കുകയാണ്. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ കാതോലിക്ക ബാവ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ രാത്രി 11.30ന് ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ ക്രിസ്മസ് ദിന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രൈസ്തവ സമൂഹം പ്രാർത്ഥനയിലും ആഘോഷത്തിലുമാണ്. ആഗോളതലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ദിനത്തിൽ ദേവാലയങ്ങൾ പ്രത്യേക പ്രാർത്ഥനകളിലും സന്തോഷപ്രകാശനങ്ങളിലും മുഴുകിയിരിക്കുകയാണ്. കുടുംബങ്ങൾ ഒത്തുചേർന്ന് സ്നേഹവും സമാധാനവും പങ്കിടുന്ന ഈ അവസരത്തിൽ ലോകമെമ്പാടും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും. എട്ടരമണിക്കുള്ള പ്രാ‍ർത്ഥന ചടങ്ങ് നടക്കുന്ന സമയത്താണ് മോദി പള്ളിയിൽ എത്തുക. സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് മോദി എത്തുക. ബി ജെ പി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടാകുമെന്നാണ് അറിയിപ്പ്. ബിജെപി ദേശീയ അധ്യക്ഷനും നാളെ ക്രൈസ്തവർക്കൊപ്പം ആഘോഷ പരിപാടിയില് പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിയിലെ ന്യൂദില്ലി ചാപ്ലിനില് ക്രിസ്ത്യന് ഹയർ സെക്കന്ഡറി സ്കൂളിലാണ് പരിപാടി.

അതിനിടെ ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വാർത്താസമ്മേളനത്തിലാണ് സംഘപരിവാറിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയത്. ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുകയാണ്. ഇത് നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. എല്ലാറ്റിനും പിന്നിൽ സംഘ പരിവാർ ശക്തികളാണ്. യുപി സർക്കാർ ക്രിസ്മസ് അവധി റദ്ദാക്കി. ഇതിൽ നിന്ന് കേരളം വിട്ട് നിൽക്കുമെന്നായിരുന്നു ബോധ്യം. ആ ബോധ്യം ഇല്ലാതാക്കി. തപാൽ ഓഫീസിൽ ഗണഗീതം പാടണമെന്ന് ബിഎംഎല് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide