എഴുത്തുകാരൻ എം മുകുന്ദൻ്റെ സഹോദരനും സാഹിത്യകാരനുമായ എം രാഘവൻ അന്തരിച്ചു

മയ്യഴി: എഴുത്തുകാരൻ എം മുകുന്ദൻ്റെ സഹോദരനും സാഹിത്യകാരനുമായ എം രാഘവൻ അന്തരിച്ചു. 95 വയസായിരുന്നു. മയ്യഴി ഭാരതിയാർ റോഡിലെ മണിയന്പത്ത് വീട്ടിൽ തിങ്കൾ പുലർച്ചെ 5.30നായിരുന്നു അന്ത്യം. സ്പ‌ീക്കർ എ എൻ ഷംസീർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാരം തിങ്കൾ വൈകിട്ട് 3ന് മാഹി വാതകശ്‌ശാനത്തിൽ നടക്കും.

സ്നോഹാർദ്രമായ കഥകളിലൂടെ മലയാളികളുടെ മനസ് തൊട്ട എം രാഘവൻ ഡൽഹി ഫ്രഞ്ച് എംബസിയിലെ സാംസ്ക‌ാരിക വിഭാഗം സെക്രട്ടറിയായിരുന്നു. 1983ൽ സ്വയം വിരമിച്ച് മയ്യഴിയിൽ തിരിച്ചെത്തി സാംസ്കാരിക പ്രവർത്തനത്തിലും എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.ഫ്രഞ്ച് ഭാഷാപഠനകേന്ദ്രമായ അലിയാൻസ് ഫ്രാൻസെസിൻ്റെയും മലയാള കലാഗ്രാമംഫിലിംസൊസൈറ്റിയുടെയും പ്രസിഡന്റായിരുന്നു.

ഡൽഹിയിലെ മലയാളി സമാജത്തിനായി നാടകം എഴുതുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. മയ്യഴിയിലെ എക്കോൽ സംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് ബ്രവേ പരീക്ഷ പാസായശേഷം മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റ് സാംസ്‌കാരിക വിഭാഗത്തിലാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ഡൽഹി ഫ്രഞ്ച് എംബസിയിലേക്ക് മാറി.

മാഹി സ്പോട്‌സ് ക്ലബിന്റെ ആദ്യകാല ഭാരവാഹിയായിരുന്നു. മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളിലെല്ലാം എഴുതിയിട്ടുണ്ട്. നനവ്, വധു, സെപ്‌തംബർ അകലെയല്ല, ഇനിയുമെത്ര കാതം, എം രാഘവൻ്റെ സമ്പൂർണ കഥാസമാഹാരം എന്നീ ചെറുകഥാ സമാഹാരങ്ങളും നങ്കീസ്, അവൻ, യാത്രപറയാതെ, ചിതറിയ ചിത്രങ്ങൾ എന്നീ നോവലുകളും കർക്കിടകം, ചതുരംഗം എന്നീ നാടകങ്ങളും പ്രസിദ്ധീകരിച്ചു. ഇളക്കങ്ങൾ എന്ന കഥ അതേപേരിൽ ചലച്ചിത്രമായി.

ദോറയുടെ കഥ എന്ന പേരിൽ ഹെലൻ സിക്‌സ്യുവിന്റെ ഫ്രഞ്ച് നാടകം വിവർത്തനം ചെയ്തു‌. മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പുതുച്ചേരി സർക്കാർ മലയാള രത്ന ബഹുമതി നൽകി ആദരിച്ചു. 2008ൽ നോവലിനുള്ള അബുദാബി ശക്തി അവാർഡ് ചിതറിയ ചിതങ്ങൾക്ക് ലഭിച്ചു. 2008ൽ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൻ്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

ഫ്രഞ്ച് അധീന പ്രദേശമായ മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്‌ണൻ്റെയും കൊറുമ്പത്തിയമ്മയുടെയും മൂത്തമകനായി 1930 ൽ ജനിച്ചു. ഭാര്യ: അംബുജാക്ഷി. മക്കൾ: ഡോ പീയൂഷ് (കോയമ്പത്തൂർ), സന്തോഷ്. മരുമക്കൾ: ഡോ മൻവീൻ (പഞ്ചാബ്), പ്രഭ (ധർമടം). മറ്റു സഹോദരങ്ങൾ.: മണിയമ്പത്ത് ശിവദാസ് (റിട്ട. ചീഫ് എൻജിനിയർ, ഭക്രാനംഗൽ), എം വിജയലക്ഷ്മി(ധർമടം), പരേതരായ മണിയമ്പത്ത് ബാലൻ (എൻജിനിയർ), കഥാകൃത്ത് എംശ്രീജയൻ(പെരിങ്ങാടി), എഴുത്തുകാരി കൗസല്യ, ദേവകി (മാഹി).

Writer M Mukundan’s brother and literary figure M Raghavan passed away