
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെയും മുന്‍ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെയും എക്സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഈ നീക്കം.
മാത്രമല്ല, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഹാനിയ ആമിര്‍, മഹിര ഖാന്, അലി സഫര്‍ എന്നിവരുള്‍പ്പെടെ പാകിസ്ഥാന് അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇന്ത്യയ്ക്കെതിരെ തെറ്റായതും പ്രകോപനപരവും വര്‍ഗീയമായും പ്രതികരിച്ചെന്ന് കാട്ടി നിരവധി പാകിസ്ഥാന് മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ യൂട്യൂബ് ചാനലും വെള്ളിയാഴ്ച ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.