
ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചൈനയ്ക്കുമേല്‍ 100% തീരുവ ഈടാക്കണമെന്ന് നാറ്റോയോട് ആവശ്യപ്പെട്ട യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വാക്കുകള്‍ കടുപ്പിച്ച് ഷി ഭരണകൂടം. ഉപരോധങ്ങളും തീരുവയുദ്ധങ്ങളും കൊണ്ട് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂ എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചൂണ്ടിക്കാട്ടി. ചൈന യുദ്ധം തുടങ്ങാനോ യുദ്ധത്തില്‍ പങ്കുചേരാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയ്ക്കുമേല്‍ 50 മുതല്‍ 100% വരെ തീരുവ ഏര്‍പ്പെടുത്തണമെന്നും റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കുംവരെ അത് തുടരണമെന്നും ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. തൊട്ടുപിന്നാലെ ഇന്ത്യയും ഇന്ത്യക്ക് ഇതിനുള്ള ശിക്ഷയായി 25 ശതമാനം തീരുവ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ ചൈനയ്ക്കുമേല്‍ ഇതിന്റെപേരില്‍ അധികത്തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് തയാറായിരുന്നില്ല.