
ബീജിങ്: ഇന്ത്യൻ നിയന്ത്രണ രേഖയോട് ചേർന്ന് റെയിൽപാത നിർമിക്കാൻ ഒരുങ്ങി ചൈന. ചൈനയുടെ മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതി എന്നറിയപ്പെടുന്ന ജി 219 ഹൈവേ റെയിൽപാത സിൻജിയാങ് പ്രവിശ്യയെ ടിബറ്റുമായി ബന്ധിപ്പിച്ചാണ് വരുന്നത്. തർക്കപ്രദേശമായ അക്സായി ചിൻ വഴിയാണ് റെയിൽപാത കടന്ന് പോകുന്നത്.
1962 ലെ യുദ്ധത്തിൽ ഒരു പ്രധാന സംഘർഷ കേന്ദ്രമായിരുന്നു അക്സായി ചിൻ. ഇന്ത്യയും ചൈനയും ലഡാക്ക് അതിർത്തി സംഘർഷത്തിനും സൈനിക വിന്യാസങ്ങൾക്കും ശേഷം ബന്ധം സുഗമമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ റെയിൽ പാതയുടെ നിർമാണം. ലാസയെ ചൈനയുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ റെയിൽ ശൃംഖലയുടെ ഭാഗമായി 2006-08 കാലഘട്ടത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.
ചൈനയുടെ സ്വപ്ന പദ്ധതിയായ സിൻജിയാങ് – ടിബറ്റ് റെയിൽവേ ലൈൻ വർഷങ്ങളായുള്ള പഠനങ്ങൾക്ക് ശേഷമാണ് നടപ്പാക്കുന്നത്. ഇതിനായി സിൻജിയാങ് ടിബറ്റ് റെയിൽവേ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം ചൈന രൂപീകരിച്ചിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും കാരണം നീണ്ടുപോവുകയായിരുന്നു. റെയിൽ ഗതാഗത സൗകര്യങ്ങൾക്ക് പുറമെ ടൂറിസം വികസനത്തിനും നേട്ടമാകും. പദ്ധതിയുടെ നിർമാണത്തിന് ചൈന തുടക്കമിട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.