ദാസേട്ടന്‍ ഡാളസില്‍ ഹാപ്പിയാണ്, ഭാര്യയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഡാളസ്: അമേരിക്കയിലെ ഡാളസില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസും കുടുംബവും. അദ്ദേഹം കടുത്ത രോഗാവസ്ഥയിലാണെന്നും ചികിത്സയിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെ പ്രിയ ഗായകന്‍ പത്‌നി പ്രഭയ്‌ക്കൊപ്പമുളള പുതിയൊരു ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഏറെ നാളുകള്‍ക്കു ശേഷം ഇരുവരേയും കണ്ട സന്തോഷത്താല്‍ ചിത്രവും വലിയ ശ്രദ്ധനേടിയിരിക്കുകയാണ്.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് യേശുദാസ് ചികിത്സയിലാണെന്നുള്ളത് വെറും അഭ്യൂഹമാണെന്നും പിതാവ് സുഖമായിരിക്കുന്നുവെന്നും മകന്‍ വിജയ് യേശുദാസ് തന്നെ വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങളായി ഡാളസിലുള്ള യേശുദാസ് കോവിഡ് കാലത്തിനു ശേഷം ഇന്ത്യയിലേക്കു വന്നിട്ടില്ല. വിശ്രമ ജീവിതത്തിലാണെങ്കിലും 85-ാം വയസ്സിലും വീട്ടില്‍ സംഗീത പരിശീലനം മുടങ്ങാതെ തുടരുന്ന ഇദ്ദേഹം ഇടയ്ക്ക് അമേരിക്കയിലെ വേദികളില്‍ കച്ചേരികളും അവതരിപ്പിക്കാറുണ്ട്.

യേശുദാസിനൊപ്പം സംഗീത പരിപാടികളില്‍ ആസ്വാദകയായി പ്രഭയേയും മിക്കവാറും കാണാനാകും. കുടുംബകാര്യത്തിലും ഞാന്‍ ഭാഗ്യവാനാണ് എന്ന് മുമ്പൊരു അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യഭാര്യ സംഗീതമാണ്, രണ്ടാം ഭാര്യയാണ് നീ എന്ന് ഞാന്‍ പ്രഭയോട് പറഞ്ഞിട്ടുണ്ട്. അതേപോലെ അവള്‍ അത് ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നേക്കാളും പാട്ടിഷ്ടപ്പെടുന്നയാളാണ് അവള്‍. എന്റെ അമ്മയുടെ പല ഗുണങ്ങളും അവള്‍ക്ക് കിട്ടിയിട്ടുണ്ട്. കലാകാരന്‍ എന്ന നിലയില്‍ എനിക്ക് കിട്ടിയ ഭാഗ്യമാണ് പ്രഭ എന്നുമായിരുന്നു യേശുദാസ് പറഞ്ഞത്.

More Stories from this section

family-dental
witywide