ലക്നൗ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത മൈഗ്രേഷൻ നയത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 17 പ്രധാന നഗരങ്ങളിൽ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ പ്രത്യേക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പൊലീസ് കമ്മിഷണർമാർക്കും ഐജിമാർക്കും നിർദേശം നൽകി. റോഹിങ്ക്യനുകളെയും ബംഗ്ലദേശ് പൗരന്മാരെയും ലക്ഷ്യമിട്ട ഈ നീക്കം, നവംബർ 22-ന് ജില്ലാകളക്ടർമാർക്ക് നൽകിയ നിർദേശത്തിന്റെ തുടർച്ചയാണ്. ലക്നൗ, അയോധ്യ, കാൺപൂർ, വാരണാസി, ആഗ്ര തുടങ്ങിയ നഗരങ്ങളിലാണ് കേന്ദ്രങ്ങൾ ഉടൻ സ്ഥാപിക്കുക. സാധുവായ രേഖകളോ വിസയോ ഇല്ലാത്ത വ്യക്തികളെ അതിവേഗം കണ്ടെത്തി നാടുകടത്തണമെന്ന് യോഗി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരപരിധിയിലുള്ള കുടിയേറ്റക്കാരുടെ വിശദ പട്ടികകൾ തയ്യാറാക്കാൻ നിർദേശിച്ചതിനു പിന്നാലെ, ഈ പട്ടികകളുടെ അടിസ്ഥാനത്തിൽ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സംസ്ഥാന ഭരണകൂടം തീരുമാനിച്ചു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തെപ്പോലെ, ദേശീയ സുരക്ഷയും സാമൂഹിക ഐക്യവും സംരക്ഷിക്കാൻ യോഗി ഊന്നൽ നൽകുന്നു. “നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല; തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചവരെ നടപടിക്രമങ്ങൾ പാലിച്ച് ജന്മദേശങ്ങളിലേക്ക് നാടുകടത്തും” എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നേപ്പാളുമായുള്ള തുറന്ന അതിർത്തിയിലെ 7 ജില്ലകളിലാണ് പ്രത്യേക ശ്രദ്ധ.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) തിരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണത്തിനിടെ, യോഗി സർക്കാരിന്റെ ഈ നടപടി വിവാദമായി. കോൺഗ്രസ് നേതാവ് അജയ് റായ് വിമർശിച്ചു: “ഇത് മനുഷ്യാവകാശ ലംഘനമാണ്”. എന്നാൽ യോഗി ഭരണകൂടം “ക്രമസമാധാനവും ദേശീയ സുരക്ഷയും മുൻഗണനയാണ്” എന്ന് വ്യക്തമാക്കി. ഈ നീക്കം ട്രംപിന്റെ ഡെപോർട്ടേഷൻ പോളിസികളെ സ്മരിപ്പിക്കുന്നതായി രാഷ്ട്രീയ വിമർശകർ ചൂണ്ടിക്കാട്ടുന്നു.















