
ഡൽഹി: കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ചര്‍ച്ച നടത്തി. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തു. കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകുമെന്ന് നരേന്ദ്ര മോദി മെലോണിയോട് പറഞ്ഞു. ഹസ്തദാനം നൽകിക്കൊണ്ട് നിങ്ങളാണ് ഏറ്റവും മികച്ചതെന്നും, ഞാൻ നിങ്ങളെപ്പോലെയാകാൻ ശ്രമിക്കുകയാണെന്നും മെലോണി നരേന്ദ്ര മോദിയോട് പറഞ്ഞു. ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രം മെലോണി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയും ഇറ്റലിയും സൗഹൃദത്താൽ ചേർക്കപ്പെട്ടിരിക്കുന്നുവെന്നാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. പിന്നീട് ജോർജിയ മെലോണി പങ്കുവച്ച എക്സ് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ജോർജിയ മെലോണി, നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകും, ഇത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും എഴുതിയാണ് പ്രധാന മന്ത്രിയുടെ റീ പോസ്റ്റ്.