
കേന്ദ്ര സർക്കാർ ക്രൂയിസ് ഭാരത് മിഷൻ പദ്ധതി പ്രഖ്യാപിച്ചതോടെ മാറ്റത്തിനൊരുങ്ങി രാജ്യത്തെ ഉൾനാടൻ ജലപാതകൾ. 2027-ഓടെ 14 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 51 പുതിയ ക്രൂയിസ് സർക്യൂട്ടുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇന്ത്യയെ നദി അധിഷ്ഠിത ടൂറിസത്തിൻ്റെ ആഗോള ലക്ഷ്യസ്ഥാനമായി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ പദ്ധതി. ആഗോള ക്രൂയിസ് ഓപ്പറേറ്റർ കമ്പനിയായ വൈക്കിങ് ക്രൂയിസസിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവാണ് ഈ സംരംഭത്തിലെ മറ്റൊരു ആകർഷക ഘടകം.
രാജ്യത്ത് 2027-ൻ്റെ അവസാനത്തോടെ 80 യാത്രക്കാരെ ഉൾക്കൊള്ളുന്ന ആഡംബര നദീ ക്രൂയിസ് കപ്പലായ വൈക്കിങ് ബ്രഹ്മപുത്രയുടെ സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമിക്കുന്ന ഈ കപ്പൽ, അസമിലെ ബ്രഹ്മപുത്ര നദിയിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത-2 ലാണ് സർവീസ് നടത്തുക.
ഇന്ത്യയുടെ വളർന്നുവരുന്ന നദീ ക്രൂയിസ് മേഖലയിൽ വിദേശ നിക്ഷേപകർക്കുള്ള ശക്തമായ വിശ്വാസത്തിൻ്റെ സൂചനയായാണ് ഈ പ്രഖ്യാപനത്തെ കാണുന്നത്. വൈക്കിങ്ങിന്റെ്റെ ആഗോള ബ്രാൻഡും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക, പാരിസ്ഥിതിക വൈവിധ്യവും ചേരുമ്പോൾ ദക്ഷിണേഷ്യയിലെ ആഡംബര ഉൾനാടൻ ടൂറിസത്തിന് പുതിയ മുഖം നൽകാനും ഇതിലൂടെ സാധിക്കും. വാരണസി, ഗുവാഹത്തി, പട്‌ന, കൊൽക്കത്ത എന്നിവിടങ്ങളിൽ പ്രത്യേക ക്രൂയിസ് ടെർമിനലുകൾ നിർമിക്കുന്നുമുണ്ട്.