
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന ഫോൺ നിർമ്മാതാക്കൾക്കുള്ള കേന്ദ്ര നിർദ്ദേശത്തെ തുടർന്നുണ്ടായ ആശങ്കയകറ്റാൻ കേന്ദ്ര നീക്കം. ഈ ആപ്പ് മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാമെന്നും ഇത് നിർബന്ധിച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കില്ലെന്നും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
” സഞ്ചാർ സാഥി താത്പര്യമില്ലെങ്കിൽ സജീവമാക്കരുത്. നിങ്ങൾക്ക് ഇത് നിങ്ങളുടെ ഫോണിൽ സൂക്ഷിക്കണമെങ്കിൽ സൂക്ഷിക്കുക. നിങ്ങൾക്ക് അത് ഇല്ലാതാക്കണമെങ്കിൽ അങ്ങനെ ചെയ്യുക. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോൺ വാങ്ങുമ്പോൾ, നിരവധി ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഗൂഗിൾ മാപ്സും വരുന്നു. ഇപ്പോൾ, നിങ്ങൾക്ക് ഗൂഗിൾ മാപ്സ് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അത് ഇല്ലാതാക്കുക”- പുതിയ നിർദ്ദേശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സിന്ധ്യ പറഞ്ഞു.
സഞ്ചാർ സാഥിയെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണെന്നും നിർബന്ധമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. നിങ്ങൾക്ക് ഇതിൽ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, അത് ചെയ്യരുത്. ആപ്പ് നിഷ്‌ക്രിയമായി തുടരും. നിങ്ങൾക്ക് ഇത് ഇല്ലാതാക്കണമെങ്കിൽ, അത് ഇല്ലാതാക്കുക. രാജ്യത്തെ എല്ലാ വ്യക്തികൾക്കും തട്ടിപ്പിൽ നിന്ന് അവരെ സംരക്ഷിക്കാൻ ഒരു ആപ്പ് ഉണ്ടെന്ന് അറിയില്ല. അതിനാൽ വിവരങ്ങൾ പ്രചരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്,” അതിനാലാണ് ഫോൺ നിർമ്മാതാക്കൾക്ക് സർക്കാർ അത്തരത്തിലൊരു നിർദ്ദേശം നല്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സൈബർ സുരക്ഷയ്ക്കായി പുതിയ സ്‌മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമായും ഉൾപ്പെടുത്തണമെന്നായിരുന്നു കേന്ദ്രം നൽകിയ നിർദേശം. എന്നാൽ, സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നും കേന്ദ്രത്തിന് എല്ലാം നിരീക്ഷിക്കാനുള്ള നീക്കമാണ് ഇതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. രാജ്യത്ത് നിരീക്ഷണത്തിൻ്റെ കരിമ്പടം തീർക്കാനുള്ള മാർഗമാണിതെന്ന് ജോൺ ബ്രിട്ടാസ് എംപിയും പ്രതികരിച്ചിരുന്നു.
You can delete Sanchar Sathi app, Center clarifies amid controversy.










