
യുപിഐ വഴി പണമിടപാടുകളുടെ പരിധി ഉയർത്തിയ നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നടപടി ഇന്നു മുതല്‍ പ്രാബല്യത്തില്‍. തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ളവർക്കാണ് മാറ്റം ലഭ്യമാകുക. ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ അനായാസം ചെയ്യുന്നതിന് നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചട്ടത്തില്‍ മാറ്റം വരുത്തുകയായിരുന്നു. നികുതി പേയ്‌മെന്റ്, ഇൻഷുറൻസ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയർത്തിയത് സ്വീകരിക്കാനാകുക. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കും.
ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന പേഴ്സണ്‍ ടു പേഴ്സണ്‍ (P2P) ഇടപാട് പരിധി പഴയതുപോലെ ഒരു ദിവസം ഒരു ലക്ഷം എന്നതില്‍ മാറ്റമില്ല. മൂലധന വിപണി നിക്ഷേപങ്ങള്‍ക്കും ഇൻഷുറൻസ് പേയ്‌മെന്റുകള്‍ക്കും ഓരോ ഇടപാടിനും ഉണ്ടായിരുന്ന രണ്ടു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമായി ഉയർത്തി. എന്നാല്‍ മൊത്തത്തില്‍ 24 മണിക്കൂറിനുള്ളില്‍ പരമാവധി 10 ലക്ഷം രൂപ വരെ ഇത്തരത്തില്‍ കൈമാറാൻ അനുവദിക്കുന്നതാണ് പുതിയ ചട്ടം.
അതേപോലെ, മുൻകൂർ പണ നിക്ഷേപങ്ങളും നികുതി പേയ്‌മെന്റുകളും ഉള്‍പ്പെടെയുള്ള സർക്കാർ ഇ-മാർക്കറ്റ് പ്ലസ് ഇടപാടുകളുടെ പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ബില്‍ പേയ്‌മെന്റുകള്‍ ഇപ്പോള്‍ ഒറ്റയടിക്ക് 5 ലക്ഷം വരെ നടത്താം. എന്നാൽ, പ്രതിദിന പരിധി 6 ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വായ്പ, ഇഎംഐ കളക്ഷനുകള്‍ക്ക്, പരിധി ഇപ്പോള്‍ ഓരോ ഇടപാടിനും 5 ലക്ഷവും പ്രതിദിനം 10 ലക്ഷവുമാണ്. അതേസമയം ആഭരണം വാങ്ങലുകളില്‍ ഒരു ഇടപാടിന് 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിനം 6 ലക്ഷമായും ചെറിയവർധന വരുത്തിയിട്ടുണ്ട്.
ബാങ്കിംഗ് സേവനങ്ങളിലും മാറ്റം
മുമ്പത്തെ2 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിജിറ്റല്‍ ഓണ്‍ബോർഡിങ് വഴിയുള്ള ടേം ഡെപ്പോസിറ്റ് പരിധി അഞ്ചു ലക്ഷമാക്കി ഉയർത്തി. ഒറ്റ ഇടപാടായി അഞ്ചുലക്ഷം രൂപ വരെ കൈമാറാം. എന്നാല്‍ ഒരു ദിവസം മൊത്തത്തില്‍ കൈമാറാൻ കഴിയുന്ന തുകയും അഞ്ചു ലക്ഷമാണ്.