വിക്ടോറിയ: കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ ചെറുവിമാനം തട്ടിയെടുത്ത് പറത്തി വ്യോമഗതാഗതം താറുമാറാക്കിയ യുവാവ് അറസ്റ്റിൽ. വാൻ കൂവർ വിമാനത്താവളത്തിലാണ് സംഭവം. കാനഡ സ്വദേശിയായ 39 വയസ് പ്രായമുള്ള ഷഹീർ കാസിം എന്നയാളാണ് സെസ്ന 172 വിമാനവുമായി വാൻകൂവർ വിമാനത്താവളത്തിൽ ആശങ്ക പടർത്തിയത്. സ്വകാര്യ വിമാനം തട്ടിയെടുത്ത് തലങ്ങും വിലങ്ങും വിമാനം പറത്തി അരമണിക്കൂറോളം ഇയാൾ വലിയ രീതിയിലുള്ള ആശങ്ക സൃഷ്ടിച്ചു. ഇതോടെ അന്തർ ദേശീയ സർവ്വീസുകൾ അടക്കം തടസം നേരിട്ടു.
ചൊവ്വാഴ്ചയാണ് സംഭവം. വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്ലൈറ്റ് സ്കൂളിൽ നിന്നുള്ള ചെറുവിമാനവുമായാണ് യുവാവ് വാൻ കൂവറിലെത്തിയത്. വിക്ടോറിയ ഫ്ലൈയിംഗ് ക്ലബ്ബിന്റെ വിമാനമാണ് 39കാരൻ തട്ടിയെടുത്തത്. പഠിക്കാനെന്ന വ്യാജേന ചെറുവിമാനത്തിൽ കയറി കൂടിയ ഇയാൾ പിന്നാലെ ഇൻസ്ട്രക്ടറെ അടക്കം ഭീഷണിപ്പെടുത്തി ചെറുവിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. റൺവേകൾക്ക് വലം വച്ചും തലങ്ങും വിലങ്ങും ഇയാൾ ചെറുവിമാനം പറത്തിയതോടെ 9 വിമാനങ്ങളാണ് വഴി തിരിച്ച് വിടേണ്ടി വന്നത്. വ്യോമ ഗതാഗതം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യുവാവിന്റെ നടപടിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതിഷേധ സൂചകമായിരുന്നു നടപടിയെന്ന സൂചനകളാണ് അന്തർ ദേശീയ മാധ്യമങ്ങൾ നൽകുന്നത്. എന്നാൽ ഈ കാരണം എന്താണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ല.
വിക്ടോറിയ ഫ്ലൈയിംഗ് ക്ലബ്ബ് 12000ത്തിലേറെ സ്വകാര്യ സർവ്വീസുകളാണ് ഓരോ വർഷവും നടത്തുന്നത്. വിനോദയാത്രകൾ അടക്കമുള്ള സർവ്വീസുകളും വിക്ടോറിയ ഫ്ലൈയിംഗ് ക്ലബ്ബ് നടത്തുന്നുണ്ട്. ആർട്ടിക് സമുദ്രത്തിലെ ഐസ് രണ്ട് വർഷത്തിനുള്ളിൽ ഉരുകി തീരുമെന്നും ഇതിന് പിന്നാലെ വലിയ തോതിൽ മീഥേൻ ആർട്ടിക് സമുദ്രത്തിലേക്ക് എത്തുമെന്നും താൻ ദൈവത്തിന്റെ സന്ദേശ വാഹകനാണ് എന്നതടക്കം നിരവധി കുറിപ്പുകളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ നടത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.










