
ഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗുരുതര ആരോപണങ്ങളിൽ എഐസിസി ഇടപെട്ട് വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്ന ബി സജൻ പരാതി നൽകി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള ദേശീയ നേതൃത്വത്തിനാണ് പരാതി കൈമാറിയത്. ഇരകളായ പെൺകുട്ടികളെ നേരിൽ കണ്ട് വിശദമായി ചർച്ച നടത്തി നടപടിയെടുക്കണമെന്നാണ് പ്രധാന ആവശ്യം.
കോൺഗ്രസ് സ്ത്രീപക്ഷ രാഷ്ട്രീയത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ജനങ്ങളുടെ സംശയം മാറ്റാൻ ഉടൻ നടപടി വേണമെന്നും സജ്ന പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെയും രാഹുലിനെതിരെ സമാന പരാതി എഐസിസിക്ക് ലഭിച്ചിരുന്നതായി വിവരമുണ്ട്. കെപിസിസി മുൻ പ്രസിഡന്റ് കെ സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിലെ വനിതാ നേതാവ് തന്നെ പാർട്ടി ഹൈക്കമാൻഡിന് പരാതി നൽകിയത് നിർണായകമായി മാറുന്നത്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. വിഷയത്തിൽ പാർട്ടി തലത്തിൽ ശക്തമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് വിഭാഗത്തിൽ നിന്ന് തന്നെ ഉയരുന്ന ശബ്ദം.













