
കണ്ണൂർ: മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശിയായ ടി കെ ആഷിഫിനെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന പി പി ദിവ്യയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതാണ് കേസ്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇക്കാര്യം പി പി ദിവ്യ തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും….യൂത്ത് കോൺഗ്രസ് സൈബർ പോരാളി 14 ദിവസത്തേക്കു ജയിൽ കാണാൻ പോയിട്ടുണ്ട്’- എന്നാണ് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്.
പി പി ദിവ്യയുടെ കുറിപ്പ്
കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും….യൂത്ത് കോൺഗ്രസ് സൈബർ പോരാളി 14 ദിവസത്തേക്കു ജയിൽ കാണാൻ പോയിട്ടുണ്ട്… ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതിനു കണ്ണൂർ ക്രൈംബ്രാഞ്ച് എടുത്ത കേസ് ആണ്…. ഇരിക്കൂർ സ്വദേശി ടി കെ ആസിഫ് നെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച കണ്ണൂർ ക്രൈം ബ്രാഞ്ചിനു നന്ദി.. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവാം.. എന്നാൽ എതിർ രാഷ്ട്രീയത്തിൽപെട്ട സ്ത്രീകളെ അസഭ്യം പറഞ്ഞാൽ ജയിലിൽ കിടക്കേണ്ടി വരും എന്ന ബാലപാഠം പഠിപ്പിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ മറക്കരുത്.