
കൊച്ചി: ഒരുമിച്ച് താമസിക്കുന്ന പങ്കാളിയെ വീട്ടിൽ പൂട്ടിയിട്ട് കേബിൾ കൊണ്ട് ക്രൂരമായി മർദിച്ച കേസിൽ യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ദേഹമാകെ മുറിവേറ്റ നിലയിൽ പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഐപിസി 307 പ്രകാരം വധശ്രമത്തിന് കേസെടുത്ത പൊലീസ് ഗോപുവിനെ കസ്റ്റഡിയിലെടുത്തു. അഞ്ച് വർഷമായി ലിവിങ് റിലേഷനിൽ കഴിയുന്ന ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു തന്നെ ഇന്നലെ മരട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് ഇന്ന് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി നേരേ പൊലീസിനോട് ക്രൂര പീഡനത്തിന്റെ വിവരങ്ങൾ തുറന്നുപറയുകയായിരുന്നു. പുറത്തുപോകാൻ അനുവദിക്കാതെ വീട്ടിൽ പൂട്ടിയിടുകയും കേബിൾ കൊണ്ട് നിരന്തരം മർദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.
വിവാഹമോചിതയായ പെൺകുട്ടിയുടെ മുൻ ബന്ധത്തിലുള്ള കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം യുവമോർച്ചയ്ക്കും ബിജെപിക്കും തിരിച്ചടിയായി മാറിയിരിക്കുകയാണ്.











