
വാഷിംഗ്ടണ്‍ : യുക്രെയ്‌ന് സമാധാനം നേടിയെടുക്കാനായി യുഎസില്‍ നടന്ന ചര്‍ച്ചയെ പുകഴ്ത്തി പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സെലെന്‍സ്‌കി നന്ദി പറഞ്ഞു. യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയാണ് സെലെന്‍സ്‌കി. നേരത്തെ ഫെബ്രുവരിയിൽ നടന്ന സെലൻസ്കി – ട്രംപ് കൂടിക്കാഴ്ച വാക്കു തർക്കത്തിൽ കലാശിച്ചിരുന്നു.
ട്രംപിനെ യുദ്ധത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും ആരാണ് യുദ്ധക്കളം നിയന്ത്രിക്കുന്നതെന്ന് വിശദീകരിക്കാനും തനിക്ക് അവസരം ലഭിച്ചതായും അദ്ദേഹം പറയുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത യൂറോപ്യന്‍ നേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സഖ്യകക്ഷികളുടെ ഐക്യവും അദ്ദേഹം എടുത്തുകാട്ടി.
യുക്രെയ്ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായെന്നും യൂറോപ്യന്‍ രാജ്യങ്ങളും യുഎസും ഇതില്‍ പങ്കുവഹിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു. മാത്രമല്ല, പുടിനെ നേരിട്ടു കണ്ടിട്ടുള്ള ഒരു ചര്‍ച്ചയ്ക്കും താന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.