
കീവ്: യുക്രൈന്‍റെ പ്രവിശ്യകൾ വിട്ടുകൊടുത്തുകൊണ്ട് റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ യുക്രൈൻ ഒപ്പുവക്കുമെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. യുക്രൈന്റെ ഒരിഞ്ച് ഭൂമി പോലും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. കിഴക്കൻ യുക്രൈനിലെ രണ്ട് പ്രവിശ്യകൾ റഷ്യക്ക് നൽകി സമാധാനം സ്ഥാപിക്കാൻ അമേരിക്കയുടെ പിന്തുണയോടെ ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളും സെലൻസ്കി തള്ളി. യുക്രൈന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്ന സമാധാന കരാറിൽ മാത്രമേ ഒപ്പ് വയ്ക്കുള്ളുവെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
“ആക്രമണകാരികൾക്ക് ഒരു കഷ്ണം ഭൂമി പോലും നൽകില്ല, അതിൽ യാതൊരു സംശയവും വേണ്ട,” സെലൻസ്കി വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനുള്ള യുക്രൈന്റെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. റഷ്യയുടെ ആക്രമണങ്ങൾക്കെതിരെ യുക്രൈൻ തുടർച്ചയായി പ്രതിരോധം ശക്തിപ്പെടുത്തുകയാണ്.
മുൻപ് നടന്ന സമാധാന ചർച്ചകൾ പലതവണ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ശക്തമായ നയതന്ത്ര ശ്രമങ്ങൾ ആവശ്യമാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. എന്നാൽ, യുക്രൈന്റെ സ്വാതന്ത്ര്യത്തിനോ അവകാശങ്ങൾക്കോ വിട്ടുവീഴ്ച വരുത്തുന്ന ഒരു കരാറിനും തയ്യാറല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. “യുക്രൈൻ ജനത ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടും,” സെലൻസ്കി കൂട്ടിച്ചേർത്തു.