
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയായ മാർ-എ-ലാഗോയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അധികാരമേറ്റ ശേഷം യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തിൽ, സെലൻസ്‌കിയുമായുള്ള ഈ ചർച്ച ലോകം അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയാകും ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുക.
യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമോ എന്നതും ചർച്ചകളിൽ പ്രധാനമാകും. അമേരിക്കയുടെ ഭാവി സൈനിക സഹായങ്ങളെക്കുറിച്ചും യുക്രൈന്‍റെ സുരക്ഷാ ഗ്യാരണ്ടികളെക്കുറിച്ചും സെലൻസ്‌കി ട്രംപുമായി സംസാരിക്കുമെന്നാണ് വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി മുൻപ് നല്ല ബന്ധം പുലർത്തിയിരുന്ന ട്രംപിന്റെ മധ്യസ്ഥത യുദ്ധഭൂമിയിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന ആശങ്കയും പ്രതീക്ഷയും അന്താരാഷ്ട്ര സമൂഹത്തിനുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി യുക്രൈന് നൽകുന്ന സാമ്പത്തിക-സൈനിക സഹായങ്ങളിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനും സമാധാന ചർച്ചകളിൽ യുക്രൈന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് സെലൻസ്‌കി ലക്ഷ്യമിടുന്നത്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റഷ്യൻ ഭാഗത്തുനിന്നുള്ള നീക്കങ്ങളും യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടും ചർച്ചകളിൽ നിർണ്ണായക സ്വാധീനം ചെലുത്തും.













