ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി സോഹ്റാൻ മംദാനി വിജയിച്ചതിന് മുഖ്യകാരണം മിതവിലയാക്കമെന്ന വാഗ്ദാനമെന്ന് റിപ്പോർട്ടുകൾ. യുവജനങ്ങളെ ആവേശത്തിലാക്കി മുന്നേറിയ 34 കാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സോഹ്രാൻ മംദാനിയുടെ നഗരജീവിതം കൂടുതൽ മിതവിലയാക്കണമെന്ന സന്ദേശം മുൻനിർത്തിയുള്ള പ്രചാരണം യുവാക്കളെയും പ്രോഗ്രസീവ് വോട്ടർമാരെയും ആവേശഭരിതരാക്കി.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ ഗവർണർ ആൻഡ്രൂ കുവോമോയെയും തോൽപ്പിച്ചാണ് വിജയം കൈവരിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻനിരയിൽ നിന്നിരുന്ന കുവോമോ, തോൽവിക്കുശേഷം സ്വതന്ത്രനായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപ് കുവോമോയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും മംദാനി മേയറായാൽ ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ഫെഡറൽ ഫണ്ട് നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ജീവിതച്ചെലവാണ് മംദാനിയുടെ പ്രചാരണത്തിന്റെ മുഖ്യവിഷയമായിരുന്നത്. വാടകയുള്ള ഫ്ലാറ്റുകളിൽ വാടകയിളവ് പ്രഖ്യാപിക്കാനും, ധനികർക്കുള്ള നികുതി കൂട്ടാനും നഗര ഗതാഗതത്തിൽ സൗജന്യ ബസുകളും സർക്കാർ നിയന്ത്രിത ഗ്രോസറി കടകളും ആരംഭിക്കാനും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, അനുഭവപരിചയമില്ലായ്മയും ഇസ്രയേലിനെതിരായ നിലപാടും വിമർശകർ ചൂണ്ടിക്കാട്ടിയെങ്കിലും യുവജനങ്ങളും പ്രോഗ്രസീവ് വോട്ടർമാരും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകി.
മേയറായെത്തുമ്പോൾ മംദാനി ന്യൂയോർക്കിന്റെ ആദ്യ മുസ്ലിം മേയറായി ചരിത്രം സൃഷ്ടിക്കും. 2026 ജനുവരി 1 ന് അധികാരമേൽക്കുമ്പോൾ കഴിഞ്ഞ നൂറ് വർഷത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മംദാനി ചരിത്രത്തിന്റെ ഭാഗമാകും. എന്നാൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡ് ഇപ്പോഴും 1889-ൽ 31 വയസ്സിൽ തെരഞ്ഞെടുക്കപ്പെട്ട ഹ്യൂ ജെ. ഗ്രാന്റിനുടേതാണ്.
zohran Mamdani achieved success by young voters votes; the promise of affordable prices was the main reason behind the success














