
മെറ്റ സിഇഒ മാർക് സക്കർബർഗ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനായി (AI) സൂപ്പർഇന്‍റലിജൻസ് ലാബ് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി എഐ ഗവേഷകരെ തേടുന്നു. സക്കർബർഗ് നേരിട്ടാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എഐ ഗവേഷകരുടെ പേരുകൾ ഉൾക്കൊള്ളുന്ന ‘ദി ലിസ്റ്റ്’ എന്ന തന്ത്രപരമായ രേഖ ഉപയോഗിച്ചാണ് സക്കർബർഗിന്‍റെ നീക്കങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.
സക്കര്‍ബര്‍ഗിന്‍റെ ദി ലിസ്റ്റിൽ എഐയിൽ മികച്ച സംഭാവനകൾ നൽകിയ ആളുകളിലാണ് പ്രധാന ശ്രദ്ധ നൽകുന്നത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓപ്പൺഎഐ , ലണ്ടൻ ആസ്ഥാനമായുള്ള ഗൂഗിൾ ഡീപ്മൈൻഡ് തുടങ്ങിയ പ്രമുഖ എഐ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ഗവേഷകരും ഇതിൽ ഉൾപ്പെടുന്നു. 20, 30 വയസ് പ്രായമുള്ള ഗവേഷകരാണ് ഈ പട്ടികയില്‍ അധികവും.
വളരെ സങ്കീർണ്ണമായ കമ്പ്യൂട്ടേഷണൽ പ്രശ്‍നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ഉള്‍പ്പടെയുള്ള ഉദ്യോഗാര്‍ഥികളെയാണ് സക്കര്‍ബര്‍ഗ് പരിഗണിക്കുന്നത്. യുസി ബെർക്ക്‌ലി, കാർണഗീ മെലോൺ തുടങ്ങിയ മികച്ച സർവകലാശാലകളിൽ നിന്ന് പിഎച്ച്ഡി നേടിയവരാണ് പട്ടികയിലുള്ള മിക്ക പേരുകളുമെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഇമെയിൽ, ടെക്സ്റ്റ് അല്ലെങ്കിൽ വാട്‌സ്ആപ്പ് വഴിയാണ് ബന്ധപ്പെടുക.