
കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം ലഘു വ്യായാമം ആണെന്നും വിദ്യാർത്ഥികൾ യൂണിഫോമിൽ ആണ് ചെയ്യുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്നും തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
സ്കൂളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾകൾക്ക് കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതിൽ ചോയ്സ് ഇല്ല. കോണ്ടക്ട് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ധ്യാപകന് ബാധ്യത ഉണ്ട്. ആരും കുട്ടികളോട് അല്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ നിർബന്ധപൂർവ്വം സർക്കാർ കുട്ടികളിൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ആവശ്യമുള്ള കുട്ടികൾക്ക് ചെയ്യാം. അല്ലാത്തവർ സ്കൂളിനെ അറിയിച്ചാൽ മതി. എന്നാൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരോ സ്കൂളിൻ്റെയും സാഹചര്യം അനുസരിച്ച് ചെയ്താൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും ഉറപ്പു വരുത്തുമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ശരീരത്തിൽ ഉടനീളം രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും കൂടുതൽ ഓക്സിജനും പോഷകങ്ങളും ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും എത്തിച്ചേരാനും ഇത്തരം നൃത്ത രീതികൾ സഹായകമാണ്. ഹൃദ്രോഗം ഉൾപ്പെടെയുള്ള പ്രയാസങ്ങൾ ഒഴിവാക്കുവാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും സഹായകമാകുന്നു. ഡാൻസുകൾ ഉൾപ്പെടെയുള്ള ദീർഘനേരം നീണ്ടുനിൽക്കുന്ന കായിക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നത് ഏറെ നല്ലതാണെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ആരുടെയും ജാതിയും മതവും നോക്കിയിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ ജനാധിപത്യ സാംസ്കാരിക നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. കേരളം പോലുള്ള ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്ക്ക് മാത്രമേ ഉത്തേജനം നൽകൂവെന്നും മന്ത്രി വ്യക്തമാക്കി.