
ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടായേക്കാമായിരുന്ന ഒരു ആണവയുദ്ധം താൻ ഇടപെട്ട് ഒഴിവാക്കിയതായി ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇന്ത്യ ആവർത്തിച്ച് നിഷേധിച്ച ഈ പ്രസ്താവന ട്രംപ് വീണ്ടും പറഞ്ഞത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശക്തമായ സംഘർഷം നടന്നിരുന്ന സമയത്ത് താൻ ഇടപെട്ടെന്നും, താൻ 10 ദശലക്ഷത്തിലധികം (ഒരു കോടി) ആളുകളുടെ ജീവൻ രക്ഷിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി തന്നെ പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ഇരു രാജ്യങ്ങൾക്കും മേൽ 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ യുദ്ധം അവസാനിപ്പിച്ചതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. യുദ്ധം തുടരുകയാണെങ്കിൽ അമേരിക്കയുമായി യാതൊരു വ്യാപാര കരാറുകളും ഉണ്ടാകില്ലെന്ന് താൻ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് സംഘർഷം ലഘൂകരിക്കുന്നതിനും വെടിനിർത്തൽ നടപ്പിലാക്കുന്നതിനും മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും, ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ (DGMOs) തമ്മിൽ നേരിട്ട് നടത്തിയ ചർച്ചയിലൂടെയാണ് ഇത് സാധ്യമായതെന്നും ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’എന്ന പേരിൽ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനെത്തുടർന്നുണ്ടായ നാല് ദിവസത്തെ സംഘർഷത്തിനിടെ എട്ട് വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.
#WATCH | Washington DC | US President Donald Trump says, "… There is tremendous hatred between President Putin and President Zelenskyy… I have solved 8 wars. Thailand is starting to shape up with Cambodia, but I think we have it in pretty good shape… We stopped a potential… pic.twitter.com/rJhCCNk9cH
— ANI (@ANI) December 22, 2025
Trump repeats claim he stopped potential nuclear war between India and Pakistan











