യുഎസിൻ്റെ പകുതിയിലേറെ ഭാഗങ്ങളിലും അതിശക്തമായ ശൈത്യകാല കാറ്റ് വീശാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. കിഴക്കൻ ഭാഗത്തേയ്ക്ക് നീങ്ങുന്ന കാറ്റ് കനത്ത മഞ്ഞ് വീഴ്ച്ചയ്ക്കും അപകടകരമായ നിലയിൽ ശൈത്യം അനുഭവപ്പെടുന്നതിനും കാരണമാകും. 172 മില്യൺ ആളുകളെയെങ്കിലും കഠിനമായ കാലാവസ്ഥ ബാധിക്കും. നാഷണൽ വെതർ സർവീസിൻറെ മുന്നറിയിപ്പ് പ്രകാരം ഒക്ലഹോമ മുതൽ മസാച്യുസെറ്റ്സ് വരെയുള്ള പ്രദേശങ്ങളിൽ 12 ഇഞ്ച് കനത്തിൽ മഞ്ഞ് മൂടാൻ സാധ്യതയുണ്ട്. കരോളിനോസ്, വിർജീനിയ, ടെക്സസ് ഉൾപ്പടെയുള്ള തെക്കൻ പ്രദേശത്തും മഞ്ഞുവീഴ്ച്ചയുണ്ടാകും.
ശൈത്യകാറ്റ് പൂജ്യത്തിന് താഴെ താപനിലയെത്തിക്കും. വടക്കൻ പ്രദേശങ്ങളിലും മധ്യഭാഗങ്ങളിലും മൈനസ് 50 ഡിഗ്രി ഫാരൻ ഹീറ്റിലേയ്ക്ക് താപനില താഴാനുള്ള സാധ്യതയുണ്ട്. വലിയതോതിൽ ഐസ് രൂപപ്പെട്ട് അടിഞ്ഞ് കൂടുന്നത് ദീർഘനേരം വൈദ്യുതി മുടങ്ങുന്നതിന് കാരണമാകും. യാത്രകളും അപകടകരമായി മാറുന്നതാണ്. ഇതിനോടകം നിരവധി സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കഴിഞ്ഞു. വീടിനുള്ളിൽ തന്നെ കഴിയാനും ശൈത്യകാറ്റിനെ നേരിടാൻ തയ്യാറെടുക്കാനും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. ആഴ്ച്ച അവസാനവും അടുത്ത ആഴ്ച്ചയുടെ തുടക്കവും ശൈത്യ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച്ച വൈകീട്ടോടെ ടെക്സസ്, ഒക്ലഹോമ മേഖലയിൽ നിന്ന് ശൈത്യകാറ്റ് ആരംഭിക്കും. ശനിയാഴ്്ചയോടെ ന്യൂമെക്സിക്കോയിൽ നിന്ന് വെർജീനിയയിലേയ്ക്ക് വ്യാപിക്കും. ഞായറാഴ്ച്ച വടക്ക് കിഴക്കൻ പ്രദേശത്തേയ്ക്ക് ശൈത്യം എത്തും.
സാധാരണയിൽ കവിഞ്ഞ് അപകടകരമായ രീതിയിൽ റോഡുകളിൽ ഐസ് രൂപപ്പെടുമെന്ന മുന്നറിയിപ്പും ഉണ്ട്. 2021ന് ശേഷം ഇത് വരെ കാണാത്ത തരത്തിൽ താപനില താഴ്ന്നേക്കും. ഷിക്കാഗോ മേഖലയിൽ ഐസ് ക്വാക്കിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭൂഗർഭ ജലം ഖനീഭവിച്ച് ഐസ് ആകുന്നത് മൂലം ഉണ്ടാകുന്ന പ്രതിഭാസമാണിത്. ജലാംശം ഉള്ള മണ്ണുകളിലും പാറകളിലും ഐസ് രൂപപ്പെടുന്നതോടെ വ്യാപ്തം വർധിക്കുകയും ഇത് മൂലം പാറകൾക്ക് വിള്ളൽ ഉണ്ടാവുകയും ചെയ്യും. ഭൂമികുലുക്കത്തിന് സമാനമായ ശബ്ദവും ചലനവും ഈ സമയത്ത് അനുഭവപ്പെടാം.
സൗത്ത് ഡെക്കോട്ടയിൽ മൈനസ് 45 ഡിഗ്രി താപനിലയിൽ ശൈത്യകാറ്റ് വീശിയതായാണ് റിപ്പോർട്ടുകൾ, മിനസോട്ടയിലും നോർത്ത് ഡെക്കോട്ടയിലും മൈനസ് 40 ഡിഗ്രിയിലാണ് കാറ്റ് അനുഭവപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് 400 യു.എസ് വിമാനങ്ങൾ സേവനം റദ്ദാക്കിയിട്ടുണ്ട്. 600 വിമാനങ്ങൾ വൈകിയാണ് സേവനം നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ യാത്ര ദുരിതം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
Reports suggest that very strong winter winds are likely to hit the US; Authorities advise people to stay indoors and prepare for the cold snap











