
ജറുസലേം: ഇസ്രായേൽ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇതുവരെ 10 പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന സൈനിക നീക്കം ആരംഭിച്ചത് മുതൽ 238 പേർക്ക് ചികിത്സ നൽകുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
ആകെ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്, 5 പേർക്ക് മിതമായ പരിക്കും 221 പേർക്ക് നിസ്സാര പരിക്കുകളുമാണുള്ളത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെയാണ് 175 പേർക്കും പരുക്കേറ്റത്. ബീറ്റ് ഷെമേഷ് നഗരത്തിലെ ഒരു പാർപ്പിട സമുച്ചയത്തിൽ മിസൈൽ പതിച്ചതിനെത്തുടർന്നാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്. ഷെൽട്ടറിലേക്ക് പോകുന്നതിനിടെ പരിക്കേറ്റ 102 വയസ്സുള്ള ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് അദ്ദേഹവും മരണപ്പെടുകയായിരുന്നു.
തകർന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളുടെയും ഇടയിൽ രക്ഷാപ്രവർത്തകർ ജോലി ചെയ്യുന്നതിൻ്റെയും സംഭവസ്ഥലത്ത് നിന്ന് പുക ഉയരുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഖത്തർ, യു.എ.ഇ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടും ഇറാൻ തിരിച്ചടി നടത്തിയിട്ടുണ്ട്.
10 dead, over 200 injured in Israel in Iran’s retaliation















