മൂന്നുദിവസത്തിൽ തീർന്നത് 10,000 പാക്കറ്റുകൾ; മിലാനോ കോർട്ടിന ശൈത്യകാല ഒളിംപിക്സിനിടെ കോണ്ടം കിട്ടാനില്ലെന്ന് കായിക താരങ്ങളുടെ പരാതി

മിലാനോ കോർട്ടിന ശൈത്യകാല ഒളിംപിക്സിനിടെ അത്‌ലീറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിൽ ഗർഭനിരോധന ഉറകൾക്ക് (കോണ്ടം) കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ.

ഒളിംപിക്സ് വില്ലേജിൽ വിതരണം ചെയ്യാനായി എത്തിച്ചിരുന്ന 10,000 കോണ്ടം പാക്കറ്റുകൾ വെറും മൂന്ന് ദിവസത്തിനുള്ളിലാണ് തീർന്നുപോയത്. വില്ലേജിൽ കോണ്ടം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താരങ്ങൾ പരാതിപ്പെട്ടതായി ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പ റിപ്പോർട്ട് ചെയ്തു. “മൂന്ന് ദിവസത്തിനുള്ളിൽ സ്റ്റോക്ക് തീർന്നു, കൂടുതൽ എത്തിക്കാമെന്ന് സംഘാടകർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും അത് എപ്പോഴാണെന്ന് അറിയില്ല” എന്ന് ഒരു അത്‌ലീറ്റ് വെളിപ്പെടുത്തി.

2024-ലെ പാരിസ് ഒളിംപിക്സിൽ ഏകദേശം 3,00,000 കോണ്ടം വിതരണം ചെയ്തിരുന്നിടത്താണ് മിലാനിൽ വെറും 10,000 എണ്ണം മാത്രം തുടക്കത്തിൽ നൽകിയത്. ശൈത്യകാല ഒളിംപിക്സിൽ അത്‌ലീറ്റുകളുടെ എണ്ണം കുറവാണെങ്കിലും (ഏകദേശം 2,900 പേർ), താരങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പ്ലാനിംഗ് നടന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

ഇത്ര വേഗത്തിൽ സ്റ്റോക്ക് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ഉടൻ തന്നെ പുതിയ ബാച്ച് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഒളിംപിക്സ് വില്ലേജുകളിൽ എന്തിന് ഇത്രയധികം കോണ്ടം ?

സുരക്ഷിത ലൈംഗിക ബന്ധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 1988-ലെ സോൾ ഒളിംപിക്സ് മുതലാണ് വില്ലേജുകളിൽ സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്ന രീതി ആരംഭിച്ചത്. അതിനുശേഷം നടന്ന എല്ലാ ഒളിംപിക്സുകളിലും ഇതൊരു പതിവായി മാറി. എയ്ഡ്‌സ് (HIV), മറ്റ് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) എന്നിവയെക്കുറിച്ച് അത്‌ലീറ്റുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിൻ്റെ പ്രാഥമിക ലക്ഷ്യം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുവാജനങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഒരിടത്ത് പൊതുജനാരോഗ്യം ഉറപ്പാക്കാൻ ഈ നടപടി സഹായിക്കുന്നു.

കൂടാതെ, മത്സരങ്ങൾ കഴിഞ്ഞുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിൽ നിന്നും വിമുക്തി നേടാൻ അത്‌ലീറ്റുകൾക്കിടയിൽ ഇത്തരം ബന്ധങ്ങൾ ഉണ്ടാകാറുണ്ടെന്ന് മുൻ താരങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, അത്‌ലീറ്റുകൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുമ്പോൾ സുരക്ഷിത ലൈംഗികത എന്ന സന്ദേശം കൂടെ കൊണ്ടുപോകണമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ലക്ഷ്യമിടുന്നു.

2016-ലെ റിയോ ഒളിംപിക്സിലാണ് ഏറ്റവും കൂടുതൽ കോണ്ടം വിതരണം ചെയ്തത്. ഏകദേശം 4,50,000 എണ്ണം അന്ന് വിതരണം ചെയ്തിരുന്നു.

10,000 packets sold out in three days; Athletes complain about condom shortage during Milano Cortina Winter Olympics

More Stories from this section

family-dental
witywide