
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള അംബർനാഥ് മുനിസിപ്പൽ കൗൺസിലിലെ 12 കോൺഗ്രസ് കൗൺസിലർമാർ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനെത്തുടർന്ന് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ രവീന്ദ്ര ചവാൻ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഡിസംബറിൽ നടന്ന അംബർനാഥ് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന് ശേഷം, സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ ബിജെപിയുമായി സഖ്യമുണ്ടാക്കി അധികാരം പങ്കിട്ടതിനാണ് കോൺഗ്രസ് ഇവർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപി, കോൺഗ്രസ്, അജിത് പവാർ പക്ഷം (NCP) എന്നിവർ ചേർന്ന് ‘അംബർനാഥ് വികാസ് അഘാഡി’ എന്ന പേരിൽ ഒരു സഖ്യം രൂപീകരിച്ചിരുന്നു . തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഗണേഷ് പട്ടേൽ ഇവരെ സസ്‌പെൻഡ് ചെയ്യുകയും അംബർനാഥ് ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
60 അംഗങ്ങളുള്ള കൗൺസിലിൽ 27 സീറ്റുകൾ നേടിയ ശിവസേന (ഷിൻഡെ വിഭാഗം) ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ 14 ബിജെപി അംഗങ്ങളും 12 കോൺഗ്രസ് അംഗങ്ങളും അടങ്ങുന്ന സഖ്യം ബിജെപിയുടെ തേജശ്രീ കാ രഞ്ജുലെയെ കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുത്തു.
12 Congress councillors suspended from party in Maharashtra join BJP













