
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികൾക്ക് ഔദ്യോഗികമായി തുടക്കമായി. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷനായ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ മാർച്ച് 25 മുതൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. അഡ്വ. എം. രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായ കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിനായി ധനകാര്യ വകുപ്പിൽ നിന്ന് പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകൾ, സർവ്വീസ് സംഘടനകൾ, ജീവനക്കാർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മീഷൻ തയ്യാറാക്കിക്കഴിഞ്ഞു. ശമ്പള ഘടനയിലെ മാറ്റങ്ങൾ, അനോമലികൾ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ പ്രൊഫോമ വഴി കമ്മീഷനെ അറിയിക്കാവുന്നതാണ്. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സജ്ജമാകുന്നതോടെ ഈ പ്രൊഫോമ പൊതുജനങ്ങൾക്കും സംഘടനകൾക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.
നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് കമ്മീഷന്റെ നീക്കം. ഇതിനായി വിവിധ തലങ്ങളിലുള്ള ചർച്ചകളും വിവരശേഖരണവും വരും ദിവസങ്ങളിൽ ഊർജിതമാക്കും. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചതോടെ വരാനിരിക്കുന്ന ശമ്പള വർധനവിനെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരും അധ്യാപകരും നോക്കിക്കാണുന്നത്.
12th Pay Revision Commission Commences Operations; Data Collection Proforma for Salary Hike Ready













