
ന്യൂഡൽഹി : ജനുവരി 12-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഐഎസ്ആർഒയുടെ വിശ്വസ്തവാഹനം പിഎസ്എൽവി റോക്കറ്റ് കുതിച്ചുയർന്നു. ഈ ദൗത്യത്തിലുണ്ടായിരുന്നത് ഡിആർഡിഒയുടെ (DRDO) EOS-N1 (അന്വേഷ) എന്ന പ്രധാന ഉപഗ്രഹവും മറ്റ് 15 ചെറു ഉപഗ്രഹങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഏകദേശം 17 മിനിറ്റ് പറക്കലിന് ശേഷം 512 കിലോമീറ്റർ സൂര്യ-സിൻക്രണസ് ഭ്രമണപഥത്തിൽ പ്രാഥമിക ഭൗമ നിരീക്ഷണ ഉപഗ്രഹവും മറ്റ് ഉപഗ്രഹങ്ങളും വിന്യസിക്കുക എന്നതായിരുന്നു ദൗത്യം.
എന്നാൽ, റോക്കറ്റിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായിരുന്നുവെങ്കിലും, മൂന്നാം ഘട്ടത്തിന്റെ (PS3) അവസാന സമയത്ത് ചില സാങ്കേതിക തകരാറുകൾ (Anomaly) സംഭവിക്കുകയായിരുന്നു. മൂന്നാം ഘട്ടത്തിൽ റോക്കറ്റിന്റെ കംബസ്റ്റൻ ചേമ്പറിലെ മർദ്ദം പെട്ടെന്ന് കുറഞ്ഞത് മൂലം റോക്കറ്റ് നിയന്ത്രണം വിട്ട് കറങ്ങാൻ തുടങ്ങി. ഇതോടെ റോക്കറ്റ് അതിന്റെ നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ചതിനാൽ കൃത്യമായ വേഗത കൈവരിക്കാൻ കഴിഞ്ഞില്ല. ഇതിനാൽ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാനും സാധിച്ചില്ല.
ഈ ദൗത്യത്തിലൂടെ അന്വേഷ എന്ന പ്രധാന ഉപഗ്രഹവും മറ്റ് 15 ചെറു ഉപഗ്രഹങ്ങളും അന്തരീക്ഷത്തിൽ വെച്ച് തന്നെ കത്തിയമരുകയോ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുകയോ ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്. വിക്ഷേപണ വാഹനത്തിന്റെ അവസാന ഘട്ടത്തിലെ വേഗതയിലുണ്ടായ വ്യതിയാനമോ (Velocity mismatch) അല്ലെങ്കിൽ വിന്യാസത്തിലുണ്ടായ പിഴവോ ആകാം ഈ തിരിച്ചടിക്ക് കാരണമെന്ന് കരുതപ്പെടുന്നു. 2025 മെയ് മാസത്തിൽ നടന്ന PSLV-C61 ദൗത്യവും സമാനമായ രീതിയിൽ മൂന്നാം ഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി ദൗത്യം പരാജയപ്പെടുന്നത്.
‘കിഡ്’ (KID) സുരക്ഷിതം
ദൗത്യത്തിലെ പ്രധാന ഭാഗമായ കിഡ് (KID-Kestrel Initial Technology Demonstrator) എന്നറിയപ്പെടുന്ന സംവിധാനം അല്ലെങ്കിൽ പ്രധാന പേലോഡ് കൃത്യമായ പാതയിൽ തന്നെയാണെന്നും അത് വഴിമാറി പോയിട്ടില്ലെന്നും ഐഎസ്ആർഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്‌പെയിനിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈം ആണ് കിഡ് തയ്യാറാക്കിയത്. 25 കിലോ ഭാരമുള്ള കിഡ് റീ-എൻട്രി ക്യാപ്‌സ്യൂൾ റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെടുകയും പ്രവർത്തനക്ഷമമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്ന സമയത്ത് (re-entry) നേരിടേണ്ടി വരുന്ന കഠിനമായ താപത്തെയും സമ്മർദ്ദത്തെയും അതിജീവിച്ച് ഏകദേശം 3 മിനിറ്റോളം (190 സെക്കൻഡ്) ഈ ക്യാപ്‌സ്യൂൾ ഭൂമിയിലേക്ക് വിവരങ്ങൾ അയച്ചു. തുടർന്ന് തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇത് പതിച്ചതായാണ് കരുതപ്പെടുന്നത്.
15 satellites lost, ISRO’s PSLV suffers another setback














