ചൈനയിൽനിന്ന് വ്യാജ ഒസെംപിക് യുഎസിലെത്തിച്ച് വിൽപ്പന; രണ്ട് ഇന്ത്യക്കാർക്കെതിരെ കേസ്

വാഷിങ്ടൺ: ചൈനയിൽനിന്ന് വ്യാജ ഒസെംപിക് എന്ന ഭാരം കുറയ്ക്കാനുള്ള മരുന്ന് യുഎസിലേക്ക് കടത്തിക്കൊണ്ടുവന്ന് വിതരണക്കാർക്ക് വിറ്റെന്നാരോപിച്ച് രണ്ട് ഇന്ത്യക്കാർക്കെതിരെ യുഎസിൽ കേസെടുത്തു. യുഎസ് നീതിന്യായ വകുപ്പാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. 33കാരനായ സ്വപ്നദീപ് റോയ്, 37കാരനായ വിക്കി രമഞ്ച എന്നിവർക്കെതിരെയാണ് ഫ്ലോറിഡയിലെ മിഡിൽ ഡിസ്ട്രിക്ടിൽ കേസെടുത്തത്. ഇറ്റലിയിൽനിന്ന് യുഎസിലെത്തിച്ച റോയ് ചൊവ്വാഴ്ച ടാംപയിൽ കോടതിയിൽ ഹാജരായി. കുറ്റം സമ്മതിച്ചില്ല. രമഞ്ച ഇപ്പോഴും ഒളിവിലാണ്.

2023 ജൂലൈ മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ ചൈനയിൽനിന്ന് വ്യാജ ഒസെംപിക് സ്വന്തമാക്കി യുഎസിലെ വിതരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. യഥാർഥ ഒസെംപിക് ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പാക്കേജിങ്, പാക്കേജ് ഇൻസേർട്ടുകൾ, പേന ലേബലുകൾ, സൂചികൾ എന്നിവയും വ്യാജ ഉൽപ്പന്നങ്ങൾക്കൊപ്പം നൽകിയിരുന്നുവെന്നാണ് ആരോപണം. 2023 ഡിസംബറിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വ്യാജ ഒസെംപിക്കിന്റെ ചില ശേഖരങ്ങൾ പിടിച്ചെടുക്കുകയും ഇതുസംബന്ധിച്ച് പൊതുജന മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് ശേഷവും തട്ടിപ്പ് തുടർന്നുവെന്നാണ് നീതിന്യായ വകുപ്പ് പറയുന്നത്.

അമേരിക്കയിലേക്ക് കടത്തുകയും സർക്കാരിനെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തതിന് ഒരു കുറ്റം, കടത്തുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങൾ, വ്യാജ മരുന്ന് വിൽക്കുകയും വിൽപ്പനയ്ക്കായി കൈവശംവയ്ക്കുകയും ചെയ്തതിന് രണ്ട് കുറ്റങ്ങൾ എന്നിങ്ങനെയാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ പരമാവധി 71 വർഷം വരെ തടവ് ലഭിക്കാം.വ്യാജ കുറിപ്പടി മരുന്നുകൾ ഫാർമസ്യൂട്ടിക്കൽ വിതരണ ശൃംഖലയുടെ സുരക്ഷയെ ആശ്രയിക്കുന്ന ആളുകൾക്ക് ഗുരുതരമായ ഭീഷണിയാണെന്ന് നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷൻ അസിസ്റ്റന്റ് അറ്റോർണി ജനറൽ എ. ടൈസൻ ദുവ പറഞ്ഞു.“സ്വന്തം സാമ്പത്തിക നേട്ടത്തിനായി പ്രതികൾ ആളുകളുടെ ആരോഗ്യത്തെ ചൂഷണം ചെയ്തെന്നാണ് ആരോപണം. വ്യാജ മരുന്നുകളിലൂടെ അമേരിക്കൻ ഉപഭോക്താക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താനുള്ള നടപടി തുടരും,” ദുവ പറഞ്ഞു.

വ്യാജ കുറിപ്പടി മരുന്നുകൾ മൂലമുണ്ടാകാവുന്ന അപകടങ്ങളിൽനിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാനുള്ള നീതിന്യായ വകുപ്പിന്റെ ശ്രമങ്ങളാണ് കുറ്റപത്രം പ്രതിഫലിപ്പിക്കുന്നതെന്ന് ഫ്ലോറിഡയിലെ മിഡിൽ ഡിസ്ട്രിക്ട് അസിസ്റ്റന്റ് യുഎസ് അറ്റോർണി ക്രിസ്റ്റഫർ മറെ പറഞ്ഞു. എഫ്ഡിഎയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. വ്യാജ മരുന്നുകൾ യുഎസിലെ ഫാർമസ്യൂട്ടിക്കൽ വിതരണ ശൃംഖലയിൽ എത്തുന്നത് ഉപഭോക്താക്കളെ വലിയ അപകടത്തിലാക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ ജസ്റ്റിൻ ഗ്രീൻ പറഞ്ഞു.

ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം ഇറ്റലിയിൽ അറസ്റ്റിലായ റോയിയെ പിന്നീട് യുഎസ് നീതിന്യായ വകുപ്പ് കസ്റ്റഡിയിൽ തുടരുന്നതിനുള്ള നടപടി സ്വീകരിക്കുകയും യുഎസിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

2 Indians charged in US for smuggling fake Ozempic from China

More Stories from this section

family-dental
witywide