മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ നർമ്മദ നദിയുടെ തീരത്ത് 200 തത്തകൾ കൂട്ടത്തോടെ ചത്തു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. ബദ്‌വ പ്രദേശത്തെ നദീതീരത്തുള്ള അഡക്റ്റിന് സമീപം കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് സംഭവം. 200 പക്ഷികൾ ഇങ്ങനെ ചത്തൊടുങ്ങിയതായി കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാവുകൾ, വജ്രപ്രാവുകൾ, കുരുവികൾ എന്നിവയും പ്രദേശത്ത് ചത്തിട്ടുണ്ട്. എന്നാൽ ഇവ എണ്ണത്തിൽ കുറവാണ്.
ഖാർഗോണിലെ നവ്ഘട്ട് ഖേഡിക്ക് സമീപമുള്ള ബർവാഹ ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന പ്രദേശമാണ്. അമിതമായി കീടനാശിനി സ്പ്രേ ചെയ് പാടങ്ങളിൽ ഭക്ഷണം കഴിക്കുന്നതും നർമ്മദ നദിയിലെ വെള്ളത്തിലൂടെ കീടനാശിനികൾ ശരീരത്തിൽ കലർന്നതുമാവാം മരണത്തിന് കാരണമെന്ന് വെറ്ററിനറി എക്സ്റ്റൻഷൻ ഓഫീസർ ഡോ സുരേഷ് ബാഗേൽ പറഞ്ഞു. തത്തകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി കാരണമാവാം എന്നായിരുന്നു തുടക്കത്തിൽ അനുമാനിച്ചിരുന്നത്. തുടർന്ന് വെറ്ററിനറി വകുപ്പിൻ്റെ പരിശോധനയിൽ അണുബാധയുടെ ഒരു സൂചനയും കണ്ടെത്തിയില്ല.
തത്തകൾ ചത്തൊടുങ്ങിയ അക്വെഡക്റ്റിനന് സമീപം പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് വനം വകുപ്പ് നിരോധിച്ചു. നീരീക്ഷണത്തിനായി സ്ഥലത്ത് ജീവനക്കാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സന്ദർശകർ പാകം ചെയ്തതോ ശേഷിച്ചതോ ആയ ഭക്ഷണം പക്ഷികൾക്ക് നൽകുന്നത് മരണകാരണമായേക്കാം എന്ന് മുന്നറിയിപ്പ് നൽകി. പക്ഷികളിൽ നിന്നുള്ള വിസെറ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ജബൽപൂരിലേക്ക് അയച്ചിരിക്കയാണ്.
അതേസമയം, ഇൻഡോറിൽ നഗരസഭ വിതരണം ചെയ്‌ത കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്ന് 14 പേർ മരിക്കുകയും ആയിരത്തിലധികം പേർ ചികിത്സയിലാവുകയും ചെയ്‌ത ദുരന്തത്തിന് തൊട്ട് പിന്നാലെയാണ് സംഭവം.
200 parrots died; Suspected excessive pesticide application











