ബംഗ്ലാദേശിൽ 28 കാരനായ ഹിന്ദു ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു; കൂട്ടമായി എത്തിയവർ ക്രൂരമായി തല്ലിച്ചതച്ച് കുത്തിക്കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിന് സമീപമുള്ള ഫെനി ജില്ലയിൽ 28 വയസ്സുള്ള ഹിന്ദു ഓട്ടോറിക്ഷാ ഡ്രൈവറെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. സമീർ കുമാർ ദാസാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ദാഗൻഭുയാൻ എന്ന സ്ഥലത്തുവെച്ചാണ് സമീർ ദാസ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഒരു സംഘം അക്രമികൾ ഇദ്ദേഹത്തെ തല്ലിച്ചതയ്ക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

മർദ്ദനത്തിന് ശേഷം അക്രമികൾ സമീറിന്റെ ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞു. പുലർച്ചെ രണ്ട് മണിയോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

രാമാനന്ദപൂർ ഗ്രാമവാസിയായ സമീർ ദാസ്, കാർത്തിക് കുമാർ ദാസിന്റെയും റീന റാണി ദാസിന്റെയും മൂത്ത മകനാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ ഓടിച്ചാണ് ഇദ്ദേഹം കുടുംബം പുലർത്തിയിരുന്നത്.

ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.
ബംഗ്ലാദേശിൽ അടുത്ത കാലത്തായി ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

28-year-old Hindu auto driver beaten to death in Bangladesh.

More Stories from this section

family-dental
witywide