കാനഡയിലെ ബർണബി നഗരത്തിൽ 28 വയസ്സുള്ള ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു. ഇത് ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്നും ഗുണ്ടാ സംഘർഷത്തിന്റെ ഭാഗമായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ടത് വാങ്കൂവർ സ്വദേശിയായ ദിൽരാജ് സിംഗ് ഗിൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗിൽ പോലീസിന് പരിചിതനായ വ്യക്തിയാണെന്നും അധികൃതർ പറഞ്ഞു.
2026 ജനുവരി 22 ന് വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപം വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതെന്ന് ബർണബി ആർസിഎംപി അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഗുരുതരാവസ്ഥയിൽ ദിൽരാജ് സിംഗിനെ കണ്ടെത്തുകയായിരുന്നു. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് മരണപ്പെട്ടു.തുടർന്ന് ബക്സ്ടൺ സ്ട്രീറ്റിലെ 5000 ബ്ലോക്കിൽ കത്തിക്കൊണ്ടിരുന്ന ഒരു വാഹനവും പോലീസ് കണ്ടെത്തി. ഈ വാഹനത്തിനും വെടിവെപ്പിനും ബന്ധമുണ്ടോയെന്നും അധികൃതർ അന്വേഷിച്ചിരുന്നു. ഇപ്പോൾ ഇൻറഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് കൊലപാതക കേസ് അന്വേഷിക്കുകയാണ്.
“ഗിൽ പോലീസിന് പരിചിതനായിരുന്നു. ഈ വെടിവെപ്പിന് ബിസി ഗ്യാങ് സംഘർഷവുമായി ബന്ധമുണ്ടെന്ന് തോന്നുന്നു,” പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ബക്സ്ടൺ സ്ട്രീറ്റിൽ കണ്ടെത്തിയ കത്തിക്കൊണ്ടിരുന്ന വാഹനം കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും പോലീസ് അറിയിച്ചു. ബർണബി ആർസിഎംപി, ഫോറൻസിക് ഐഡന്റിഫിക്കേഷൻ സർവീസ് (IFIS), ബിസി കൊറോണേഴ്സ് സർവീസ് എന്നിവരുമായി ചേർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.
പൊതുസ്ഥലത്ത് നടന്ന വെടിവെപ്പ് സമൂഹത്തെ മുഴുവൻ ആശങ്കപ്പെടുത്തുന്നതാണെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ നിർണായകമാകും. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ ഡാഷ്‌കാം ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
28-year-old Indian-origin man shot dead in Burnaby, Canada; gang violence suspected













